മിസ് യൂണിവേഴ്സ് മത്സരത്തിൽ 116 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ കിരീടം സ്വന്തമാക്കി. ഡൊമിനിക്ക റിപ്പബ്ലിക്കിന് രണ്ടാം സ്ഥാനവും വെനസ്വേലയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച കെസിയ ലിസ് മെജോക്ക് ആദ്യ 30 പേരുടെ പട്ടികയിൽ ഇടം നേടാനായെങ്കിലും ടോപ് 12 ലേക്ക് മുന്നേറാനായില്ല.
ഗവേഷണ മനഃശാസ്ത്രത്തിൽ ബിരുദം നേടിയ അവർ മനഃശാസ്ത്രത്തിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലും രണ്ട് ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. 2021-ൽ അമേരിക്കൻ പ്രതിരോധ വകുപ്പിന് കീഴിൽ ടെക്സസിലെ ഫോർട്ട് ഹുഡിലാണ് ജെന്നിഫർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫാമിലി അഡ്വക്കസി പ്രോഗ്രാമിന്റെ ഭാഗമായി അധ്യാപികയായും പ്രതിസന്ധി ഘട്ടങ്ങളിൽ ഇടപെടുന്ന പ്രവർത്തകയായും സേവനമനുഷ്ഠിച്ചു. ഗാർഹിക പീഡനവും കുട്ടികൾക്കെതിരായ അതിക്രമങ്ങളും നേരിടുന്ന സൈനിക കുടുംബങ്ങൾക്ക് പിന്തുണ നൽകുകയായിരുന്നു പ്രധാന ചുമതല. ഇത്തരം അതിക്രമങ്ങൾ തടയുന്നതിനും സംഭവിച്ചാൽ ഇടപെടുന്നതിനുമുള്ള പരിശീലനം സൈനിക വിഭാഗങ്ങളിലെ നേതാക്കൾക്ക് നൽകുകയും ചെയ്തു. കാർൽ ആർ. ഡാർണൽ ആർമി മെഡിക്കൽ സെന്ററിലും അവർ സന്നദ്ധസേവനം നടത്തിയിട്ടുണ്ട്.
പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗ്വൽ അഗ്രെലോട്ട് കൊളീസിയത്തിലാണ് മിസ് യൂണിവേഴ്സ് 2026 ന്റെ ഗ്രാൻഡ് ഫിനാലെ നടന്നത്. അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിന്റെ 75-ാം വാർഷികം കൂടിയായിരുന്നു ഇത്തവണത്തെ പതിപ്പ്. 116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് കിരീടത്തിനായി മാറ്റുരച്ചത്. ദേശീയ വസ്ത്രധാരണ മത്സരം, പ്രാഥമിക റൗണ്ടുകൾ, ഫൈനൽ റൗണ്ട് എന്നിവയിലൂടെയായിരുന്നു മത്സരം. വേദിയിലെ അവതരണ മികവും ഓരോ വിഭാഗത്തിലെയും പ്രകടനവുമാണ് മത്സരാർഥികളെ വിലയിരുത്താൻ പരിഗണിച്ചത്.മെക്സിക്കോയുടെ നിലവിലെ മിസ് യൂണിവേഴ്സ് ഫാത്തിമ ബോഷ് ആയിരുന്നു വിജയിക്ക് കിരീടം അണിയിച്ചത്.
ഇന്ത്യയെ പ്രതിനിധീകരിച്ച ആലപ്പുഴക്കാരികെസിയ ലിസ് മെജോയ്ക്ക് ടോപ് 30-ൽ ഇടം നേടാനായെങ്കിലും ടോപ് 12-ൽ എത്താനായില്ല. ഇതോടെ മിസ് യൂണിവേഴ്സ് കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അഞ്ചാം വർഷത്തിലേക്ക് കടന്നു.
Leave a Comment
Your comment will be visible after admin approval.