ന്യൂഡൽഹി: ഇറക്കുമതിയിൽ തടസ്സമുണ്ടായാൽ ഇന്ത്യയുടെ തന്ത്രപ്രധാനമായ അസംസ്കൃത എണ്ണ ശേഖരം (എസ്പിആർ) ഏകദേശം 10 ദിവസത്തേക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂവെന്ന് റിപ്പോർട്ട്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിൽ നിന്നുള്ള വിവരാവകാശ രേഖകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പശ്ചിമേഷ്യയിലെ സംഘർഷം വിപണികളെയാകെ സമ്മർദത്തിലാക്കിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിവരം പുറത്തുവരുന്നത്. ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാനമേഖലയാണിത്.
നിലവിലെ സംഘർഷം എണ്ണ വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല, ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതവും ആശങ്കയിലാണ്. ഈ ഘട്ടത്തിൽ വിതരണ ശൃംഖലകളെയടക്കം ഇത് ബാധിച്ചു. എണ്ണ വിലയിൽ ഇനിയും വലിയ തോതിലുള്ള വർധന ഉണ്ടായാൽ അത് ഇന്ത്യയെ ബാധിക്കുമെന്നുറപ്പാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഇറക്കുമതിയെ ആശ്രയിക്കുന്നവരാണ്. ആവശ്യമായ അസംസ്കൃത എണ്ണയുടെ 85%-ത്തിലധികം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വിലയിലെ മാറ്റങ്ങളും മറ്റ് സംഭവ വികാസങ്ങളുമൊക്കെ ഈ ഇറക്കുമതിയെ ബാധിക്കും.
നിലവിൽ, ഇന്ത്യക്ക് മൂന്ന് സ്ഥലങ്ങളിലായി 53.3 ലക്ഷം മെട്രിക് ടൺ എസ്പിആർ സംഭരണ ശേഷിയുണ്ട്. വിശാഖപട്ടണം (13.3 ലക്ഷം മെട്രിക് ടൺ), മംഗളൂരു (15 ലക്ഷം മെട്രിക് ടൺ), പാഡൂർ (25 ലക്ഷം മെട്രിക് ടൺ) എന്നിവിടങ്ങളിലാണുള്ളത്. എന്നാൽ ഈ ശേഖരം പൂർണമായി ഉപയോഗിക്കുന്നില്ലെന്നാണ് 2026 മാർച്ച് 23 ന് രാജ്യസഭയിൽ സമർപ്പിച്ച രേഖയിൽ പറയുന്നത്. ഇന്ത്യ നിലവിൽ ഏകദേശം 33.72 ലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണയാണ് സൂക്ഷിക്കുന്നത്. ഇത് മൊത്തം സംഭരണ ശേഷിയുടെ ഏകദേശം 64% ആണ്. സംഭരിച്ചിരിക്കുന്ന എണ്ണയുടെ അളവ് ഉപഭോഗ രീതി അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതുമാണ്. നിലവിലെ സാഹചര്യത്തിൽ ഇത് പര്യാപ്തമാണോ എന്നാണ് ഉയരുന്ന ചോദ്യം. ഇത് പൂർണമായും ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ 10 ദിവസത്തിനകം സംഭരിച്ചുവെച്ചിരിക്കുന്ന അസംസ്കൃത എണ്ണ ഉപയോഗിച്ച് തീരുമെന്നാണ് കണക്കാക്കുന്നത്.
രാജ്യത്ത് തന്ത്രപ്രധാനമായ പെട്രോളിയം റിസർവ് (എസ്പിആർ) പ്രോഗ്രാം 2004 ജനുവരി 7 നാണ് അംഗീകരിക്കപ്പെടുന്നത്. ഇത് നടപ്പിലാക്കുന്നതിനായി 2004 ജൂൺ 16 ന് ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡ് സ്ഥാപിക്കപ്പെടുകയും ചെയ്തു. പതിനേഴ് വർഷങ്ങൾക്ക് ശേഷം 2021 ജൂലായ് മാസത്തിലാണ് എസ്പിആർ ശൃംഖല വിപുലീകരിക്കാൻ സർക്കാർ അംഗീകാരം നൽകുന്നത്. വിവരാവകാശ രേഖയിൽ ഇക്കാര്യം പറയുന്നുണ്ട്. രണ്ട് കേന്ദ്രങ്ങൾ അധികമായി നിർമിക്കാനാണ് പദ്ധതിയിട്ടത്. ഒഡിഷയിലെ ചന്ദിഖോലിൽ 40 ലക്ഷം മെട്രിക് ടൺ ശേഷിയോടെയും കർണാടകയിലെ പാഡൂരിൽ അധികമായി 25 ലക്ഷം മെട്രിക് ടൺ ശേഷിയോടെയും സ്ഥാപിച്ച് ശൃംഖല വിപുലീകരിക്കുകയാണ് ലക്ഷ്യമിട്ടത്. അതോടെ മൊത്തം സംഭരണശേഷി 65 ലക്ഷം മെട്രിക് ടൺ ആയി മാറും. എന്നാൽ ഇവ ഇതുവരെ പ്രവർത്തനക്ഷമമായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ എണ്ണ സംഭരണശേഷിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നത്.
ഹോർമുസുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതകളെ കുറിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. ആഗോള ഊർജവിതരണത്തിന്റെ ഗണ്യമായ പങ്കും നിർണായകമായ ജലപാതയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അസംസ്കൃത എണ്ണ, ഗ്യാസ്, വളം, മറ്റ് പല ഊർജ സ്രോതസ്സുകളും ഹോർമുസ് കടലിടുക്ക് വഴിയാണ് വരുന്നതെന്നും അതേസമയം ഈ മാർഗം തടഞ്ഞാലും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് കേന്ദസർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.



