നീറ്റ് വിവാദം: പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് രാജേന്ദ്ര പ്രധാൻ

Global Indian Writer · August 9, 2026 · 1 min read · 0 Comments · 0 Shares

ഭുവനേശ്വർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ രാജ്യത്തെ യുവാക്കളെ ചിലർ മനപൂർവം വഴിതെറ്റിച്ചുവെന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാൻ. ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് മന്ത്രിസ്ഥാനം ഒരിക്കലും പ്രധാനമായിരുന്നില്ലെന്നും നീറ്റ് വിവാദത്തെത്തുടർന്ന് താൻ തന്നെ നേരിട്ട് പ്രധാനമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ജനിച്ച 20 കോടിയോളം വരുന്ന കുട്ടികൾക്ക് വലിയ സ്വപ്നങ്ങളുണ്ടെന്നും അവരാണ് ഇന്ത്യയെ ‘വിശ്വഗുരു’ ആക്കാൻ പോകുന്നതെന്നും പ്രധാൻ കൂട്ടിച്ചേർത്തു. 

മുൻ ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി പ്രസിഡന്റുമായ നവീൻ പട്‌നായിക്കിനെതിരെയും ധർമേന്ദ്ര പ്രധാൻ വിമർശനം ഉന്നയിച്ചു. തനിക്കെതിരെ പ്രതിഷേധിക്കാനും ‘ഗോ ബാക്ക്’ വിളിക്കാനും യുവാക്കളെ പ്രേരിപ്പിച്ചത് പട്‌നായിക്കാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു കർഷകന്റെ മകനായ താൻ ഇത്തരം പ്രതിഷേധങ്ങളിൽ ഭയപ്പെടില്ലെന്നും ഒഡീഷയിലെ ജനങ്ങളെ നാണംകെടുത്തുന്ന ഒരു പ്രവർത്തിയും താൻ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ധർമേന്ദ്ര പ്രധാന്റെ ആരോപണങ്ങൾക്ക് ബിജെഡി മറുപടി നൽകി. സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവുമാണ് പ്രധാന്റെയും സർക്കാരിന്റെയും പ്രതിച്ഛായ തകർത്തതെന്ന് ബിജെഡി നേതാവ് രോഹിത് പൂജാരി പറഞ്ഞു.

നീറ്റ് പരീക്ഷാ വിവാദത്തെത്തുടർന്ന് രാജ്യത്ത് 21 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായും ലക്ഷക്കണക്കിന് കുട്ടികൾ കടുത്ത മാനസിക വിഷമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടി പറയാത്ത ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങളാണ് പ്രധാന് ചീത്തപ്പേരുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Share this story

Leave a Comment

Your comment will be visible after admin approval.