യുപി എംഎല്‍സി തെരഞ്ഞെടുപ്പ്: വാരണാസിയില്‍ ബിജെപി സ്ഥാനാര്‍ഥി തോറ്റു

Global Indian Writer · October 28, 2026 · 1 min read · 0 Comments · 0 Shares

ലഖ്‌നൗ: യുപി എംഎല്‍സി തെരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രമായ വാരണാസിയില്‍ ബിജെപി സ്ഥാനാര്‍ഥി തോറ്റു. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ലാല്‍ ബിഹാരി യാദവാണ് വാരണാസി അധ്യാപക മണ്ഡലത്തില്‍ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി പ്രമോദ് മിശ്രക്കെതിരെ 4898 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് മണ്ഡലം കൂടിയായ വാരണാസിയിലെ തോല്‍വി ബിജെപിക്ക് കനത്ത തിരിച്ചടിയായി.

ബറെയ്‌ലി-മൊറാദാബാദ്, മീററ്റ് സീറ്റുകള്‍ ബിജെപി വിജയിച്ചു. ബറെയ്‌ലി-മൊറാദാബാദ് സീറ്റില്‍ എസ്പി സ്ഥാനാര്‍ഥിയെയാണ് ബിജെപിയുടെ ഹരിസിങ് ധില്ലന്‍ 17,000ലേറെ വോട്ടിന് പരാജയപ്പെടുത്തിയത്. മീററ്റില്‍ ബിരുദധാരികളുടെ സീറ്റില്‍ ബിജെപിയുടെ ദിനേഷ് ഗോയല്‍ 12,000ലേറെ വോട്ടിന് വിജയിച്ചു.

അഞ്ച് ബിരുദധാരികളുടെ മണ്ഡലങ്ങളിലും ആറ് അധ്യാപക മണ്ഡലങ്ങളിലുമായി 11 എംഎല്‍എസി സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മറ്റ് മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.