തെല്‍ അവിവ്: ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലെന്ന സൂചന നല്കി എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരവേ, അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു. അറബ് പാര്‍ട്ടികളുമായുള്ള സഖ്യം നാണക്കേടും അപമാനവുമാണെന്നാണ് നെതന്യാഹുവിന്റെ വാദം. തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ നിര്‍ണായക സാന്നിധ്യമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
‘ഇസ്രയേലിനെ അപകടത്തിലാക്കുന്നതും സയണിസത്തെ എതിര്‍ക്കുന്നവരുമായ അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഒരിക്കലും അനുവദിക്കാനാവില്ല. അത് പാടില്ലാത്ത കാര്യമാണ്. അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് നാണക്കേടും അപമാനവുമാണ്’-നെതന്യാഹു പറഞ്ഞു.
ഇസ്രയേലിലെ ഫലസ്തീന് വംശജരായ പൗരന്മാരെ പ്രതിനിധീകരിക്കുന്ന ജോയിന്റ് ലിസ്റ്റ്, റാം എന്നീ രണ്ട് പാര്‍ട്ടികള്‍ക്ക് ഒരുമിച്ച് 19 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ഇത് യാഥാര്‍ഥ്യമായാല്‍ ഇസ്രയേല്‍ പാര്‍ലമെന്റില്‍ അറബ് അംഗങ്ങളുടെ എണ്ണം റെക്കോര്‍ഡ് നിലയിലെത്തും.
ബിന്യമിന് നെതന്യാഹുവിന്റെ ‘ലിക്കുഡ്’ പാര്‍ട്ടി നയിക്കുന്ന ബ്ലോക്കും മുന്‍ ഇസ്രായേലി മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഗാദി ഐസന്‍കോട്ടിന്റെ ‘യഷാര്’ പാര്‍ട്ടി നയിക്കുന്ന പ്രതിപക്ഷ ബ്ലോക്കും തമ്മിലാണ് പ്രധാന മത്സരം. ലിക്കുഡ് പാര്‍ട്ടി 52 സീറ്റുകളുമായി യാഷര്‍ പാര്‍ട്ടിയെ (49 സീറ്റുകള്‍) മറികടന്നതായാണ് പുറത്തുവരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 120 അംഗ പാര്‍ലമെന്റില്‍ 61 സീറ്റുകളാണ് ആവശ്യം.
അറബ് പാര്‍ട്ടികളെ സര്‍ക്കാരിന്റെ ഭാഗമാക്കാന്‍ പ്രതിപക്ഷ സഖ്യവും തയ്യാറല്ല. അറബ് കക്ഷികളുമായി സഖ്യമുണ്ടാക്കില്ലെന്ന് ഐസന്‍കോട്ട് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം നെതന്യാഹുവിലും ഒക്ടോബര്‍ ഏഴിലെ സംഭവങ്ങളിലുമുള്ള ജനങ്ങളുടെ കനത്ത അവിശ്വാസപ്രമേയമാണെന്ന് ഐസന്‍കോട്ട് പ്രതികരിച്ചു. ജനങ്ങളുടെ ആഗ്രഹം നടപ്പിലാക്കാന്‍ തങ്ങള്‍ ഉടന്‍ രംഗത്തിറങ്ങുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
അറബ് പാര്‍ട്ടികളുമായി സഹകരിച്ച് സര്‍ക്കാര്‍ രൂപവത്കരിക്കുകയോ അതല്ലെങ്കില്‍ അവരെ പുറത്തുനിന്ന് പിന്തുണക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുകയാണ് പ്രതിപക്ഷത്തിന് മുന്നിലുള്ള വഴികളിലൊന്ന്. എന്നാല്‍, അറബ് കക്ഷികളെ ആശ്രയിക്കില്ലെന്ന മുന്‍ നിലപാടുകള്‍ നേതാക്കള്‍ക്ക് മാറ്റേണ്ടിവരും.
Leave a Comment
Your comment will be visible after admin approval.