തെല്‍ അവീവ്: ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ അറബ് പാര്‍ട്ടികള്‍ക്കെതിരെ ആരോപണവുമായി പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ അട്ടിമറി നടത്തിയെന്നും വ്യാപകമായ ക്രമക്കേടുകളും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തലും നടന്നെന്നും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ആരോപിച്ചു. പൊലീസും ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റും ഇത് അന്വേഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
അറബ് പാര്‍ട്ടികള്‍ കൈക്കൂലി, ഭീഷണി, അക്രമം, വ്യാജരേഖകള്‍, വോട്ടര്‍മാരെ സംഘടിപ്പിക്കാന്‍ നിരോധിത സോഫ്റ്റ്വെയറിന്റെ ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് നെതന്യാഹുവിന്റെ ആരോപണം. പണമടങ്ങിയ കവറുകള്‍ക്കൊപ്പം അറബ് പാര്‍ട്ടിയായ റാം പാര്‍ട്ടിയുടെ ബാലറ്റ് പേപ്പറുകള്‍ കണ്ടെത്തിയെന്നും പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയും അക്രമവും ഉണ്ടായെന്നും ലിക്കുഡ് പാര്‍ട്ടി ആരോപിച്ചു. ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ക്രമക്കേടുകള്‍ നടന്നതായി പറയുന്ന പോളിങ് സ്റ്റേഷനുകളെക്കുറിച്ചോ ബാധിച്ച വോട്ടുകളുടെ എണ്ണത്തെക്കുറിച്ചോ പാര്‍ട്ടി വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നെതന്യാഹുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്
ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ ചരിത്ര മുന്നേറ്റം സൃഷ്ടിക്കുമെന്ന സൂചനയുമായി എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് നെതന്യാഹു ആരോപണം ഉന്നയിച്ചിരിക്കുന്നത്. അറബ് വംശജരുടെ നേതൃത്വത്തിലുള്ള റാം, ജോയിന്റ് ലിസ്റ്റ് പാര്‍ട്ടികള്‍ ചേര്‍ന്ന് ആകെ 19 സീറ്റുകള്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍.
Leave a Comment
Your comment will be visible after admin approval.