ഗ്യാനേഷ് കുമാറിനെതിരായ ഇന്‍ഡ്യ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്മെന്റ് ഇന്ന്

Global Indian Writer · October 31, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഇന്‍ഡ്യ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്മെന്റ് ഇന്ന്. ഖാർഗെയുടെ വസതിയിലെ പ്രതിഷേധത്തില്‍ ലോക്സഭ മുന്‍ സ്പീക്കർ മീരാകുമാർ അധ്യക്ഷത വഹിക്കും. കാലാവസ്ഥ വീണ്ടും പ്രതികൂലമായാല്‍ ഇംപീച്ച്മെന്റ് മറ്റൊരിടത്തേക്ക് മാറ്റാനും സാധ്യതയുണ്ട്. അതേസമയം, നാളെ രാംലീലയില്‍ നടക്കുന്ന മഹാറാലിക്ക് മുന്നോടിയായി കൂടുതല്‍ സേനയെ വിന്യസിച്ചിരിക്കുകയാണ് കേന്ദ്രം.


രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കും. 21 ഇന്ത്യ സഖ്യ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് പ്രമേയത്തിന് മറുപടി നൽകുക. ശേഷം വോട്ടെടുപ്പിലൂടെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി ഇന്ത്യ സഖ്യം പ്രഖ്യാപിക്കും. അതേസമയം, ഇന്നലെ കാലാവസ്ഥ പ്രതികൂലമായതിനാൽ പരസ്യ വിചാരണ മാറ്റിവെച്ചതിൽ മുന്നണിയിലെ ഐക്യക്കുറവ് എന്ന ബിജെപി വാദം നേതാക്കൾ തള്ളിയിരുന്നു.


അതേസമയം, നാളെ നടക്കുന്ന മഹാറാലിയുടെ അന്തിമഘട്ട ഒരുക്കങ്ങൾ രാംലീല മൈതാനിയിലെത്തി നേതാക്കൾ വിലയിരുത്തി. സുരക്ഷയുടെ ഭാഗമായി മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ രാംലീലയിൽ വിന്യസിക്കും. 10000ത്തോളം അർദ്ധ സൈനികരെയും മേഖലയിൽ വിന്യസിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

ഇന്ത്യമുന്നണിയുടെ മഹാറാലി ചരിത്രമായി മാറുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി മിഡിയവണ്ണിനോട് പറഞ്ഞു. ജാമിഅ മില്ലിയ സർവ്വകലാശാലയിലെ സമരം വിജയിച്ചതിൽ വിദ്യാർഥികളെ അഭിനന്ദിക്കുന്നതായും രാജ്യത്തെ വിവിധ സർവകലാശാലകളിൽ ഇത്തരം പ്രതിഷേധങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.