ശ്രീനാദേവി കുഞ്ഞമ്മയെ അറിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെ.സുധാകരൻ

Global Indian Writer · November 6, 2026 · 1 min read · 0 Comments · 0 Shares

കണ്ണൂർ: അടൂരിലെ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ അറിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെ.സുധാകരൻ എംപി. ശ്രീനാദേവി കോൺഗ്രസിലേക്ക് കടന്നുവന്നത് തന്‍റെ ക്ഷണപ്രകാരമാണെന്നും മാധ്യമപ്രവർത്തകൻ ശ്രീനാദേവിയെകുറിച്ച് ചോദിച്ചത് തന്‍റെ ശ്രദ്ധയിൽ പെട്ടില്ലെന്നും സുധാകരൻ എംപി സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. തന്‍റെ മറുപടി വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. നേരത്തെ, അടൂരിലെ പൊലീസ് സ്റ്റേഷനിൽ കയറിയുള്ള ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രകടനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട്, തനിക്കൊരു കുഞ്ഞമ്മയേയും അറിയില്ലെന്നായിരുന്നു മുതിർന്ന നേതാവിന്‍റെ പ്രതികരണം.



‘പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകരോടും പൊതുജനങ്ങളോടും എനിക്ക് ഒരു കാര്യം വ്യക്തമായി പറയാനുണ്ട്. ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ ശ്രീമതി ശ്രീനാദേവി കുഞ്ഞമ്മയെ കുറിച്ച് ഞാൻ നടത്തിയ പരാമർശം ചിലരിൽ തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയതായി മനസ്സിലാക്കുന്നു. തെറ്റിദ്ധാരണകൾ തിരുത്തുന്നതിനും യാഥാർഥ്യം വ്യക്തമാക്കുന്നതിനുമാണ് വീണ്ടും ഈ വീഡിയോ. ശ്രീനാദേവി കുഞ്ഞമ്മയെ എനിക്കറിയില്ലെന്ന തരത്തിലുള്ള പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. അവർ കോൺഗ്രസിലേക്ക് കടന്നുവന്നത് എന്റെ ക്ഷണപ്രകാരമാണ്. കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് സിപിഐയിൽ നിന്ന് ശക്തയായ ഒരു പോരാളിയായ ശ്രീനാദേവി കുഞ്ഞമ്മയെ കോൺഗ്രസിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നത് ഞാനാണ്. പിന്നീടവർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു എന്നതാണ് സത്യം. ഇന്ന് മാധ്യമപ്രവർത്തകർ എന്നോട് കുഞ്ഞമ്മയെ അറിയുമോ എന്ന് ചോദിച്ചപ്പോൾ കെപിസിസിയുടെ നേതൃത്വവുമായുള്ള ഗൗരവമായ ചർച്ചകളിലായിരുന്നു. എന്റെ ശ്രദ്ധ പെട്ടെന്ന് പേര് മാത്രം കേട്ടപ്പോൾ ആ ചോദ്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.’ സുധാകരൻ വ്യക്തമാക്കി

Share this story

Leave a Comment

Your comment will be visible after admin approval.