ഈജിപ്റ്റിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ ഏഴായി

Global Indian Writer · November 9, 2026 · 1 min read · 0 Comments · 0 Shares

കെയ്‌റോ: ഈജിപ്റ്റിലെ ഗിസ പ്രവിശ്യയില്‍ ഇന്നലെ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ ഏഴായി. 125 പേര്‍ക്ക് പരിക്കേറ്റതയായാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരം. ഗിസയില്‍ നിന്ന് ഫയൂമിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ കെയ്‌റോയില്‍ നിന്ന് അസ്വാനിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടസ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും ട്രെയിന്‍ സര്‍വീസുകള്‍ എത്രയും വേഗം സാധാരണ നിലയിലാക്കുന്നതിനുമായും പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തക സംഘങ്ങളെയും ക്രെയിനുകളെയും സ്ഥലത്തേക്ക് അയച്ചതായി ഈജിപ്ഷ്യന്‍ നാഷണല്‍ റെയില്‍വേ അറിയിച്ചു. അപകടസ്ഥലത്ത് നിന്ന് ആളുകളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി 70തിലധികം ആംബുലന്‍സുകള്‍ വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോയതായും അധികൃതര്‍ അറിയിച്ചു.

രക്ഷാപ്രവർത്തനം നടത്തുന്ന നാട്ടുകാർ
അപകടത്തെ ഏറെ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍-സിസി പറഞ്ഞു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി അടിയന്തര അന്വേഷണം നടത്താന്‍ അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപകടത്തിനുശേഷം രക്ഷാപ്രവര്‍ത്തനത്തില്‍ വിഴ്ച വന്നതായി ദൃക്സാക്ഷികള്‍ ആരോപിക്കുന്നുണ്ട്. മറിഞ്ഞുകിടന്ന ട്രെയിന്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാന്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും റെയില്‍വേ ജീവനക്കാരും ഏറെ പ്രയാസപ്പെട്ടിരുന്നു. അസ്വാനിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് ഫയൂമിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയിന്‍ അതിലേക്ക് ഇടിച്ചുകയറിയത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉച്ചയ്ക്ക് 1:30-ഓടെയാണ് അപകടം നടന്നത്. ആറ് ബോഗികള്‍ മറിയുന്ന സാഹചര്യമുണ്ടായി.

Share this story

Leave a Comment

Your comment will be visible after admin approval.