ചന്ദനപ്പള്ളി: ദൂരദർശൻ മലയാളം ചാനലിൽ (DD Malayalam) സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന “ചന്ദനത്തിൻ സുഗന്ധം എൻ്റെ സഹദാ” ടെലിഫിലിമിന്റെ ഓഡിയോ റിലീസ് നടന്നു. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ സെറാഫിം ,തുമ്പമൺ ഭദ്രാസന സെക്രട്ടറി റവ. കെ.ജി. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ ഇടവക ട്രസ്റ്റി ഷിജു തങ്കച്ചൻ, ഇടവക സെക്രട്ടറി ടി.എം. വർഗീസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ റോയി വർഗീസ്, മനോജ് ചന്ദനപ്പള്ളി, സംവിധായകൻ ഷിനു വെളിയത്ത്, ടെലിഫിലിം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം ദൂരദർശനുവേണ്ടി പെഗാസസ് ലൈവ് ബ്രോഡ്കാസ്റ്റിംഗ് മീഡിയ നിർമ്മിക്കുന്ന ഈ ടെലിഫിലിം, ചരിത്രവും വിശ്വാസവും പ്രവാസജീവിതത്തിന്റെ നൊമ്പരവും കുടുംബബന്ധങ്ങളുടെ ആത്മബന്ധവും സമന്വയിപ്പിക്കുന്ന ആത്മീയ ദൃശ്യാവിഷ്കാരമായാണ് ഒരുക്കിയിരിക്കുന്നത്. ചരിത്രപ്രസിദ്ധമായ ചന്ദനപ്പള്ളി വലിയപള്ളിയുടെ പെരുന്നാൾ മഹാത്മ്യം, സഹദായോടുള്ള ഭക്തി, നൂറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസപാരമ്പര്യം എന്നിവ ഹൃദയസ്പർശിയായ രീതിയിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
ചന്ദനപ്പള്ളിയിലെ അതിപുരാതന ക്രൈസ്തവ കുടുംബത്തിന്റെ ജീവിതപശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. പൗരാണികതയും ആധുനികതയും തമ്മിലുള്ള ബന്ധം, കുടുംബസ്നേഹത്തിന്റെ ആത്മബന്ധം, വാർദ്ധക്യത്തെ കരുതലോടെ ചേർത്തുപിടിക്കുന്ന പുതിയ തലമുറയുടെ സമീപനം എന്നിവയ്ക്കൊപ്പം പ്രവാസജീവിതത്തിന്റെ ഓർമ്മകളും വികാരങ്ങളും ചിത്രത്തിൽ പ്രതിഫലിക്കുന്നു. പെരുന്നാൾ ദിനങ്ങളിൽ സഹദായുടെ സന്നിധിയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ ആത്മബന്ധവും കഥയുടെ പ്രധാന ഘടകമാണ്.
ഏകദേശം രണ്ടാഴ്ച നീണ്ടുനിന്ന ചിത്രീകരണം ചന്ദനപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമായി പൂർത്തിയാക്കി. ഈ വർഷത്തെ റാസയിൽ നിന്നുള്ള ദൃശ്യങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നാടക രംഗത്ത് ശ്രദ്ധേയയായ വിജയകുമാരിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിജാ ബി. ആനന്ദ്, ജെൻസി സുനിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിലെ ഗാനരചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഷിനു വെളിയത്താണ്. സംഗീതസംവിധാനം അനൂപ് ബാലയും പശ്ചാത്തല സംഗീതം ഷിജോ ബോബിയും നിർവഹിച്ചു. ഗാനം ആലപിച്ചിരിക്കുന്നത് കൊടുമൺ സുനിൽ (സുനിൽ ബാബു) ആണ്.
കഥ, തിരക്കഥ, ഗാനരചന, സംവിധാനം – ഷിനു വെളിയത്ത്; ക്യാമറ – രാജേഷ് പി. രാഘ്; സഹസംവിധാനം – റോബിൻ; പ്രൊഡക്ഷൻ കൺട്രോളർ – നിജാ ബി. ആനന്ദ്; നിർമ്മാണം – പെഗാസസ് മീഡിയ, പത്തനംതിട്ട.
“ചന്ദനത്തിൻ സുഗന്ധം എൻ്റെ സഹദാ” ജൂൺ 7 ഞായറാഴ്ച വൈകിട്ട് 7.30-ന് ദൂരദർശൻ മലയാളം ചാനലായ DD Malayalam (DD 1)-ൽ സംപ്രേക്ഷണം ചെയ്യും.
Leave a Comment
Your comment will be visible after admin approval.