ന്യുഡൽഹി: തമിഴ്‌നാട് ബിജെപി മുൻപ്രസിഡന്റ് അണ്ണാമലൈ പാർട്ടി വിട്ടേക്കുമെന്ന് സൂചന. ചൊവ്വാഴ്ച കേന്ദ്ര നേതൃത്വത്തെ കണ്ട് രാജി സമർപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബിജെപി വിടുന്ന അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നും വാർത്തകളുണ്ട്. ബിജെപി നേതൃത്വവുമായി അണ്ണാമലൈക്ക് അസ്വാരസ്യങ്ങളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ദേശിയ അധ്യക്ഷൻ നിതിൻ നബിനെ കാണാൻ അണ്ണാമലൈ ഡൽഹിയിലേക്ക് എത്തുന്നത്.
തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ് നേടിയ വലിയ വിജയത്തിന് പിന്നാലെ രണ്ട് പ്ലാനുകൾ കേന്ദ്രനേതൃത്വത്തിന് മുന്നിൽ അണ്ണാമലൈ അവതരിപ്പിച്ചു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. അടുത്ത ഏഴു കൊല്ലത്തേക്ക് സംസ്ഥാനത്തെ പാർട്ടിയുടെ മുഴുവൻ നിയന്ത്രണവും തനിക്ക് തരിക അല്ലെങ്കിൽ മറ്റ് രാഷ്ട്രീയ മാർഗം സ്വീകരിക്കാൻ അനുവാദം നൽകുക എന്നീ ആവശ്യങ്ങളാണ് അണ്ണാമലൈ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വച്ചിരുന്നത്. ഇതാണ് പുതിയ പാർട്ടി പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന നിഗമനത്തിലേക്ക് രാഷ്ട്രീയ നിരീക്ഷകരെ എത്തിച്ചത്. എന്നാൽ, താനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ തള്ളാൻ അണ്ണാമലൈ ഇതുവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ രാജിവെച്ചാണ് തമിഴ്‌നാട്ടിലെ ബിജെപിയിൽ ചേർന്നത്. മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തമായിരുന്നു അണ്ണാമലൈയുടെ ഇടപെടൽ. അത് വലിയ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു. ബിജെപിയുടെ തമിഴ്‌നാട്ടിലെ മുഖം എന്നാണ് പലരും അണ്ണാമലൈയെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ കാരണം അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടി വരികയായിരുന്നു.
Leave a Comment
Your comment will be visible after admin approval.