നരിയാപുരം: തുമ്പമൺ ഭദ്രാസനത്തിന്റെ ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അധ്യാപക സംഗമമായ “ഗുരു സമീക്ഷ” ജൂൺ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ നരിയാപുരം മാർ ഇമ്മാനുവേൽ ഓർത്തഡോക്സ് വലിയപള്ളിയിലെ സി പി ചാണ്ടി നഗറിൽ നടക്കും. ഭദ്രാസനത്തിലെ ഗവൺമെൻ്റ് ,എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിൽ സേവനമനുഷ്ഠിക്കുന്നതും വിരമിച്ചതുമായ സ്കൂൾ, കോളേജ് അധ്യാപകരെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന അപൂർവ സംഗമമായിരിക്കും ഇത്.
അധ്യാപന ജീവിതത്തിലെ അനുഭവങ്ങളും ഓർമ്മകളും പങ്കുവയ്ക്കുന്നതിനൊപ്പം വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകളെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് “ഗുരു സമീക്ഷ” സംഘടിപ്പിക്കുന്നത്. തലമുറകളെ വാർത്തെടുത്ത അധ്യാപകരുടെ സേവനങ്ങളെ ആദരിക്കുന്ന ഈ സംഗമം ഭദ്രാസനത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് നൽകുന്ന ആദരവിന്റെ പ്രതീകമായും മാറും.
സമ്മേളനത്തിന്റെ മുഖ്യാതിഥിയായി പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും മുൻ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് പങ്കെടുക്കും. വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും സംഗമത്തിന് കൂടുതൽ പ്രാധാന്യം നൽകും. അബിൻ വർക്കി എംഎൽഎ മുഖ്യ സന്ദേശം നൽകും.
ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ പ്രധാന പരിപാടികളിലൊന്നായ ഈ സംഗമത്തിൽ നൂറുകണക്കിന് അധ്യാപകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭദ്രാസനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിലവിലെ അധ്യാപകരും വിരമിച്ച അധ്യാപകരും ഒരുമിക്കുന്ന ഈ വേദി വിദ്യാഭ്യാസ രംഗത്തെ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പുതുക്കലായി മാറും. വിദ്യാഭ്യാസ മേഖലയിലെ ആധുനിക സാധ്യതകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആറ് അനുബന്ധ വിഷയങ്ങളിൽ ചർച്ചയും തുടർന്ന് റിപ്പോർട്ട് അവതരണവും ഗുരു സമീക്ഷയുടെ പ്രധാന ആകർഷണം ആകും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസ് തിരുമേനിയും, തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനിയും രക്ഷാധികാരികളാണ്. ഭദ്രാസന സെക്രട്ടറി വെരി. റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ ജനറൽ കൺവീനറായും ഭദ്രാസന കൗൺസിൽ അംഗങ്ങളായ പ്രൊഫ. ജി. ജോണും ഡോ. ജോർജ് വർഗീസ് കൊപ്പാറയും കൺവീനർമാരായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
അധ്യാപകരെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക വാട്സ്ആപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് സാന്നിധ്യം ഉറപ്പാക്കണമെന്ന് സംഘാടകർ അറിയിച്ചു.
അറിവും ആത്മീയതയും പാരമ്പര്യവും കൈകോർക്കുന്ന “ഗുരു സമീക്ഷ” ഭദ്രാസനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമായി മാറുമെന്നും അധ്യാപക സമൂഹത്തിന്റെ മഹത്തായ സേവനങ്ങൾക്ക് മാതൃ ഭദ്രാസനം അർപ്പിക്കുന്ന ആദരവിന്റെ വേദിയായിരിക്കുമിതെന്നും സംഘാടകർ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.