ബംഗളൂരു: അധികാരമേറ്റ് വെറും മൂന്ന് ദിവസം മാത്രം പിന്നിടുമ്പോൾ ആഭ്യന്തര പ്രശ്‌നങ്ങൾ കർണാടകയിലെ ഡി.കെ ശിവകുമാർ സർക്കാരിന് തലവേദനയാകുന്നു. ഒരു മന്ത്രി ഇതിനകം രാജി സമർപ്പിച്ചു കഴിഞ്ഞു. തങ്ങൾക്ക് അർഹിച്ച പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി നിരവധി പ്രമുഖ നേതാക്കൾ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ മന്ത്രിസഭയിൽ മുസ്‌ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യവും, വനിതാ പങ്കാളിത്തം ഇല്ലാത്തതിനെച്ചൊല്ലിയുള്ള കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്.
വകുപ്പ് വിഭജനത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചതാണ് സർക്കാരിന് ഏറ്റ ആദ്യത്തെ കനത്ത പ്രഹരം. ഇതിന് തൊട്ടുപിന്നാലെ തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി പ്രകടിപ്പിച്ച് മറ്റൊരു മുതിർന്ന മന്ത്രിയായ കെ.എച്ച് മുനിയപ്പയും രംഗത്തെത്തി. ഇതോടെ അതൃപ്തി പരസ്യമായ രാഷ്ട്രീയ പോരാട്ടമായി മാറി. തന്റെ വകുപ്പിലെ അനാവശ്യ ഇടപെടലുകളിൽ മന്ത്രി കെ.ജെ ജോർജ് അസ്വസ്ഥനാണെന്നാണ് വിവരം. അതേസമയം, മന്ത്രിസ്ഥാനത്തിന് പുറമെ കെപിസിസി അധ്യക്ഷ പദവി കൂടി വേണമെന്ന ആവശ്യമാണ് സതീഷ് ജാർക്കിഹോളി മുന്നോട്ട്‌വെക്കുന്നത്.
Leave a Comment
Your comment will be visible after admin approval.