തിരുവനന്തപുരം: വി.ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരുകളും ഇന്ന് പ്രഖ്യാപിക്കും. ഘടക കക്ഷികളുമായുള്ള നിർണായക ചർച്ച ഇന്ന് നടക്കും. മന്ത്രിമാരുടെ എണ്ണവും വകുപ്പും തീരുമാനിക്കും. മുഖ്യമന്ത്രി അടക്കം കോൺഗ്രസിന് 11 മന്ത്രിമാരുണ്ടാകും. ലീഗ് അഞ്ചും ആർഎസ്പി,സിഎംപി, കേരള കോൺഗ്രസ് ജേക്കബ് എന്നിവർക്ക് ഓരോ മന്ത്രിമാരുമാണുണ്ടാകുക. ഘടക കക്ഷികൾക്ക് പഴയ വകുപ്പുകൾ തന്നെ നൽകിയേക്കും. അതേസമയം, വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്തേക്കും.
ഏഴ് എംഎൽഎമാരുള്ള ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. മോൺസ് ജോസഫ്, അപ്പു ജോസഫ് എന്നിവരെ മന്ത്രിമാരാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാം എന്നാണ് കോൺഗ്രസ് നിലപാട്. അസോസിയേറ്റ് അംഗങ്ങളായ കെ.കെ. രമ, മാണി സി. കാപ്പൻ എന്നിവർക്ക് രണ്ടര വർഷം വീതം ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ ധാരണയുണ്ട്.
മുൻ സിപിഎം നേതാവായിരുന്ന ജി.സുധാകരന് സ്പീക്കർ പദവിയോ മറ്റേതെങ്കിലും ക്യാബിനറ്റ് റാങ്കിലുള്ള പദവിയോ നൽകുന്ന കാര്യം കോൺഗ്രസ് ആലോചനയിലുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന വകുപ്പ് വിഭജനം അതേപടി തുടരാനാണ് കോൺഗ്രസ് താത്പര്യപ്പെടുന്നത് എങ്കിലും ഘടകകക്ഷികൾ പുതിയ വകുപ്പുകൾ ആവശ്യപ്പെടുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.
അതേസമയം, ക്ലിഫ് ഹൗസും മറ്റു മന്ത്രി മന്ദിരങ്ങളും അധികം മോടി പിടിപ്പിക്കേണ്ടെന്ന നിർദേശവുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. വൻ തുക ചെലവിൽ മോടി പിടിപ്പിക്കേണ്ട, ചില്ലറ അറ്റകുറ്റപ്പണികൾ മാത്രം മതിയെന്നാണ് നിർദേശം.
Leave a Comment
Your comment will be visible after admin approval.