കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരിതബാധിതർക്കായി വിപുലമായ സഹായപാക്കേജിന് മന്ത്രിസഭ അംഗീകാര

Global Indian Writer · August 5, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരിതബാധിതർക്കായി വിപുലമായ സഹായപാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. വെള്ളം കയറിയ എല്ലാ വീടുകൾക്കും 10,000 രൂപ ധനസഹായം നൽകാനും, മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാനുമാണ് തീരുമാനം.

മുഖ്യമന്ത്രി വി.ഡി സതീശൻ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ മഴക്കെടുതിയുടെ അവലോകനം നടത്തി. നിലവിൽ സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,748 പേരാണ് കഴിയുന്നത്. പത്തനംതിട്ടയിൽ 157, കോട്ടയത്ത് 154, ആലപ്പുഴയിൽ 81 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.

ഇതുവരെ മഴക്കെടുതിയിൽ 26 പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും നാല് പേരെ കാണാതാകുകയും ചെയ്തു. 1,882 ഹെക്ടർ കൃഷിയിടം നശിച്ചതോടെ 23,537 കർഷകർക്ക് തിരിച്ചടിയായി. പ്രാഥമിക കണക്കുകൾ പ്രകാരം 67.44 കോടി രൂപയുടെ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മന്ത്രിസഭയുടെ പ്രധാന തീരുമാനങ്ങൾ:

മരിച്ചവരുടെ കുടുംബങ്ങൾക്ക് ആകെ 8 ലക്ഷം രൂപ ധനസഹായം (4 ലക്ഷം എസ്.ഡി.ആർ.എഫ്, 2 ലക്ഷം സി.എം.ഡി.ആർ.എഫ്, 2 ലക്ഷം പി.എം.എൻ.ആർ.എഫ്).
വീട്ടിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ ധനസഹായം. ദുരിതാശ്വാസ ക്യാമ്പിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമല്ല, വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ വെള്ളം കയറിയ എല്ലാ വീടുകൾക്കും സഹായം ലഭിക്കും.
മരിച്ചവരുടെ സംസ്കാരച്ചെലവിനായി 10,000 രൂപ അനുവദിച്ചു.
പൂർണമായി തകർന്ന വീടുകൾക്കുള്ള ധനസഹായം 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷമായി വർധിപ്പിച്ചു.
വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാനും വീട് നിർമിക്കാനുമുള്ള സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയർത്തി.
ഓരോ റേഷൻ കാർഡിലുമുള്ള രണ്ട് പേർക്ക് വീതം പ്രതിദിനം 300 രൂപ നൽകും.
സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് പുതിയ വീട് തയ്യാറാകുന്നതുവരെ വാടകച്ചെലവും സർക്കാർ വഹിക്കും.


2024-ൽ തൃശ്ശൂരിൽ കാലവർഷത്തിലും ഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ടിട്ടും ധനസഹായം ലഭിക്കാത്ത 248 ഗുണഭോക്താക്കൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഇതിനൊപ്പം, പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയർപേഴ്സണായി വിരമിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ നിയമിക്കാനും മന്ത്രിസഭ അംഗീകാരം നൽകി.

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 2026-27 സാമ്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവും അനുവദിച്ചു. മുൻസിപ്പാലിറ്റികൾക്ക് 136 കോടിയും കോർപ്പറേഷനുകൾക്ക് 188 കോടിയും സ്പിൽ ഓവർ പദ്ധതികൾക്കായി അധികമായി നൽകും. നഗര തദ്ദേശ സ്ഥാപനങ്ങളിലെ ധനപ്രതിസന്ധി പരിഹരിക്കുന്നതിനായി 312 കോടി രൂപയും അനുവദിച്ചു.

സ്കൂൾ പാചക തൊഴിലാളികളുടെ വേതനത്തിനായി 44 കോടി രൂപ അനുവദിച്ച മന്ത്രിസഭ, വർധിപ്പിച്ച തുക ഉൾപ്പെടെ രണ്ട് ദിവസത്തിനകം തൊഴിലാളികളുടെ അക്കൗണ്ടിൽ എത്തിക്കാനും തീരുമാനിച്ചു.

കാലാവസ്ഥാ വ്യതിയാനവും ആവർത്തിച്ചുണ്ടാകുന്ന പ്രളയ സാഹചര്യങ്ങളും മുൻനിർത്തി രാജ്യത്തിന് മാതൃകയാകുന്ന ‘ഡിസാസ്റ്റർ റെസിലിയൻസ് മാനേജ്മെന്റ്’ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ദുരന്തനിവാരണവും പ്രളയ പ്രതിരോധ സംവിധാനങ്ങളും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ക്ലൈമറ്റ് പ്രെഡിക്ഷൻ, ഫ്ലഡ് മാപ്പിംഗ്, എ.ഐ. അധിഷ്ഠിത ഡാം മാനേജ്മെന്റ് സംവിധാനം എന്നിവ നടപ്പാക്കും. ഡാമുകളിലെയും നദികളിലെയും മണ്ണും ചെളിയും ശാസ്ത്രീയമായി നീക്കം ചെയ്ത് ജലഒഴുക്ക് മെച്ചപ്പെടുത്താനും പ്രളയസാധ്യത കുറയ്ക്കാനുമുള്ള നടപടികളും ആരംഭിക്കും.

അതേസമയം, പ്രളയഭീഷണി നേരിടുന്ന മുതലപ്പുഴയുടെ പ്രശ്നപരിഹാരത്തിനായി അടിയന്തര ഇടപെടൽ നടത്തുമെന്ന് സർക്കാർ അറിയിച്ചു. അടുത്ത ആഴ്ച ഇതുസംബന്ധിച്ച് പ്രത്യേക യോഗം ചേരും. ഫാദർ യൂജിൻ പരയുടെ നേതൃത്വത്തിലുള്ള വൈദികസംഘം സർക്കാരിനെ നേരിൽകണ്ട് പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

മുതലപ്പുഴയിൽ ഉടൻ നടപ്പാക്കേണ്ട ഹ്രസ്വകാല നടപടികൾ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും, ദീർഘകാല അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും രൂപം നൽകുമെന്നും സർക്കാർ അറിയിച്ചു. മുതലപ്പുഴ വിഷയത്തെ സർക്കാർ പ്രത്യേക പരിഗണനയോടെയാണ് കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി

Share this story

Leave a Comment

Your comment will be visible after admin approval.