അബുദാബി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് യുഎഇ സന്ദർശിക്കും. അഞ്ചു രാജ്യങ്ങളിലായി അദ്ദേഹം നടത്തുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി യുഎഇയിൽ എത്തുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഊർജ മേഖലയിലെ സഹകരണം ഉൾപ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങളും മേഖലയിലെയും രാജ്യാന്തര തലത്തിലെയും പൊതുവിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്യും.
രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക മേഖലകളിലെയും ജനങ്ങൾ തമ്മിലുള്ളതുമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള വഴികളും ചർച്ചയുടെ ഭാഗമാകും. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. കഴിഞ്ഞ 25 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ ഏഴാമത്തെ രാജ്യം കൂടിയാണത്. യുഎഇയിലുള്ള 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും സന്ദർശനവേളയിൽ ചർച്ചയാകും.
Leave a Comment
Your comment will be visible after admin approval.