ബേപ്പൂരിലെ തോല്‍വിയില്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പി വി അന്‍വര്‍. ത

Global Indian Writer · August 29, 2026 · 1 min read · 0 Comments · 0 Shares

കോഴിക്കോട്: ബേപ്പൂരിലെ തോല്‍വിയില്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പി വി അന്‍വര്‍. തോല്‍വില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ആരോപണം ആവര്‍ത്തിക്കുന്നതാണ് അന്‍വറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. യുഡിഎഫ് കേന്ദ്രങ്ങളില്‍ വോട്ടു കുറഞ്ഞെന്നും എന്നാല്‍ ഇടത് കോട്ടകളില്‍ മുന്നേറ്റമുണ്ടായെന്നുമാണ് അന്‍വര്‍ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് പ്രവര്‍ത്തകരില്‍ ചിലര്‍ സഹകരിച്ചില്ല. പോസ്റ്ററുകളും നോട്ടീസുകളും ഉപയോഗിക്കാതെ കൂട്ടിയിട്ടത് കണ്ടെന്നും അന്‍വര്‍ ആരോപിക്കുന്നുമുണ്ട്. ബേപ്പൂരില്‍ ജയിച്ചില്ലെങ്കിലും തന്റെ സ്ഥാനാര്‍ഥിത്വം മലബാറില്‍ ഗുണം ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പിണറായിസവും മരുമോനിസവും ചര്‍ച്ചയായെന്ന് പറഞ്ഞ അദ്ദേഹം കൂടുതല്‍ കണക്കുകള്‍ പുറത്തുവിടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ബേപ്പൂരില്‍ പരാജയപ്പെട്ടതോ അതോ പരാജയപ്പെടുത്തിയതോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് താന്‍ വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ അവലോകനത്തില്‍ തന്നെ അപകടം ബോധ്യപ്പെട്ടിരുന്നു എന്നും അന്‍വര്‍ വ്യക്തമാക്കുന്നുണ്ട്. അവസാന നിയമസഭാ സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായി. എന്നിട്ടും യുഡിഎഫിന്റെ ഭാഗത്തുനിന്നും പോരാട്ടം നയിക്കേണ്ട ഉത്തരവാദിത്വം താന്‍ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു എന്നും അദ്ദേഹം പറയുന്നു.


ബേപ്പൂരിലെ ലീഡ് കുറച്ചാല്‍ ബാക്കി പ്രദേശത്തെ കാര്യങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാം എന്നായിരുന്ന കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. താന്‍ വാക്ക് പാലിച്ചെന്നും യുഡിഎഫിന് അതില്‍ വീഴ്ച വന്നെന്നുമാണ് അന്‍വര്‍ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് ഭരിക്കുന്ന മുന്‍സിപ്പാലിറ്റികളായ ഫറൂഖിലും രാമനാട്ടുകരയിലും പ്രതീക്ഷിച്ച പോലെ ലീഡ് ഉണ്ടാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ചരിത്രം തന്നെ മറ്റൊന്നായേനെ എന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം പ്രാദേശിക നേതൃത്വത്തെ അവരവരുടെ വീടുകളില്‍ എത്തി താന്‍ സന്ദര്‍ശിച്ചെന്നും ആ സമയം അവര്‍ തന്നോട് മനസ്സ് തുറന്നു സംസാരിച്ചു എന്നും അന്‍വര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അസുഖകരമായ ചില വെളിപ്പെടുത്തലുകളും മാധ്യമ വാര്‍ത്തകളും തന്നെ ഇത്രയെങ്കിലും പറയാന്‍ നിര്‍ബന്ധിതനാക്കി എന്നാണ് അദ്ദേഹം പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബേപ്പൂരില്‍ പരാജയപ്പെട്ടതോ അതോ,പരാജയപ്പെടുത്തിയതോ….?
പിണറായി സര്‍ക്കാര്‍ ഏകാധിപത്യ പ്രവണതയും,ഉദ്യോഗസ്ഥ ഭരണവും കൊണ്ട് ജനഹിതം മറന്നപ്പോള്‍ ഞാന്‍ നടത്തിയ പോരാട്ടങ്ങളെ തള്ളിപ്പറയാന്‍ ഇതു വായിക്കുന്ന നിങ്ങള്‍ക്ക് സാധിക്കുമോ?
ജനങ്ങള്‍ക്കെതിരായി മാറിയ ആ സര്‍ക്കാറിനെ താഴെയിറക്കാന്‍ ഞാന്‍ ഉന്നയിച്ച വിഷയങ്ങളും,അതിലുറച്ചു നിന്ന് ഞാന്‍ നടത്തിയ മുന്നേറ്റങ്ങളും അതിനു വേണ്ടി ഞാന്‍ സഹിച്ച ത്യാഗങ്ങളും ഇല്ലെന്നു പറയാന്‍ ആര്‍ക്കാണ് സാധിക്കുക!?
ഉണ്ടായിരുന്ന സ്ഥാനമാനങ്ങളെ ത്യജിച്ചു കൊണ്ട് സ്വന്തം രാഷ്ട്രീയ ഭാവിക്കോ,ജീവനോ സ്വത്തിനോ പോലും ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെ ഭയപ്പെടാതെ, ഉന്നയിച്ച വിഷയങ്ങളില്‍ അവസാന നിമിഷം വരെ നീതിക്കുവേണ്ടി പോരാടാന്‍ ഞാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തതില്‍ എനിക്ക് അനല്പമായ സന്തോഷം ഇന്നുമുണ്ട്.
നിയമസഭയ്ക്കകത്ത് തുടക്കം കുറിക്കുകയും പിന്നീട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ രണ്ടു വര്‍ഷത്തോളം കാലം നീണ്ടുനില്‍ക്കുകയും ചെയ്ത ആ സംഭവ വികാസങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ പത്രമാധ്യമങ്ങളിലൂടെടെയും,സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ട് കണ്ടവരാണ്.
ഈ സര്‍ക്കാര്‍ നിലവില്‍ വരാന്‍ ഉണ്ടായ കാരണങ്ങളിലെ എന്റെ സംഭാവനകളെ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യാന്‍ ഈ കുറിപ്പ് വായിക്കുന്ന നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്.പക്ഷേ,അവഗണിച്ചാലും വിസ്മരിച്ചാലും ഞാന്‍ നയിച്ച ആ പോരാട്ടത്തിന് സമാനമായ മറ്റൊന്നുണ്ടാകുന്നതുവരെ ഞാന്‍ കുറിച്ച ചരിത്രം മഷി ഉണങ്ങാതെ രേഖപ്പെട്ടു കിടക്കും.
കോഴിക്കോട് ജില്ലയില്‍ നിന്നും ജനവിധി തേടാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടതിന് വളരെ അര്‍ത്ഥവത്തായ ഒരു പശ്ചാത്തലമുണ്ട്.ബേപ്പൂരില്‍ പി.എ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുന്നതിലൂടെ പിണറായിസം,മരുമോനിസം,കുടുംബാധിപത്യം എന്നീ വിഷയങ്ങളെ സംസ്ഥാനമൊട്ടാകെ പ്രതിഫലിപ്പിക്കാനും ചര്‍ച്ചയാക്കാനും സാധിച്ചു എന്നതാണ് ആദ്യത്തെ വിഷയം.എന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തില്‍ ബേപ്പൂരില്‍ നിന്നും തൊട്ടടുത്ത മണ്ഡലത്തിലേക്ക് പോലും ശ്രദ്ധ തിരിക്കാന്‍ മുഹമ്മദ് റിയാസിന് സാധിച്ചില്ല എന്നത് കോഴിക്കോട് ജില്ലയിലെ മറ്റു മണ്ഡലങ്ങളില്‍ ഈസിയായി ജയിച്ചു കയറാന്‍ യുഡിഎഫിന് സാധിച്ചു എന്നത് രണ്ടാമത്തേതാണ്.ഇതിന്റെ ഗുണം മലബാറിനാകെ ലഭ്യമായി.
ഇക്കാര്യങ്ങള്‍ യുഡിഎഫിന്റെ സമാദരണീയരായ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യുകയും അവര്‍ കൂടി അതിനെ ശരിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോഴിക്കോട് ഡിസിസിയുടെ ബഹുമാന്യനായ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍, പ്രിയ സുഹൃത്തും എംഎല്‍എയും ആയ ജയന്ത് , കോഴിക്കോട് ജില്ലയിലെ യുഡിഎഫിന്റെ അഭിവന്ദ്യനായ നേതാവും ജ്യേഷ്ഠതുല്യനുമായ സി.എന്‍ വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ മുന്‍കയ്യെടുത്തതിന്റെ ഫലമായി ഞാന്‍ കോഴിക്കോട് ജില്ലയില്‍ മത്സരിക്കാന്‍ തീരുമാനമെടുത്തത്.
സംസ്ഥാനത്തെയും ജില്ലയിലെയും യുഡിഎഫിന്റെ നേതൃത്വത്തോട് അന്ന് രസകരമായി ഞാന്‍ പറഞ്ഞത് ‘മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്താനുള്ള വോട്ട് ഞാന്‍ സംഘടിപ്പിക്കും എന്നാല്‍, നമുക്ക് വിജയിക്കാനുള്ള വോട്ട് നിങ്ങള്‍ സംഘടിപ്പിക്കണം’ എന്നായിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഞാന്‍ വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ അവലോകനത്തില്‍ തന്നെ എനിക്ക് അപകടം ബോധ്യപ്പെട്ടിരുന്നു.ഫറോക്ക് മുന്‍സിപ്പാലിറ്റി,രാമനാട്ടുകര മുനിസിപ്പാലിറ്റി,ചെറുവണ്ണൂര്‍ നല്ലളം മേഖല,തുടങ്ങിയ ഇടങ്ങളില്‍ നിന്നുണ്ടായ വോട്ട് ചോര്‍ച്ച പ്രത്യക്ഷത്തില്‍ തന്നെ കാണാവുന്നതാണ്.ഈ മൂന്നിടത്തുനിന്നും ഇടതുപക്ഷ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വോട്ടുകളാണ് പരാജയത്തിന്റെ ആഘാതം കുറച്ചത്.ബേപ്പൂരും കടലുണ്ടിയിലും വോട്ട് ചോര്‍ന്നെങ്കിലും ഇടതുപക്ഷത്തില്‍ നിന്നും ലഭിച്ച വോട്ട് കൊണ്ട് അത് പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കില്ല.ഇടതുപക്ഷ കേന്ദ്രങ്ങളില്‍ എല്ലാം വോട്ടുകള്‍ ലഭിച്ചപ്പോള്‍,നമ്മുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയത് യുഡിഎഫ് കേന്ദ്രങ്ങളാണ്.ഫോം 20 കൃത്യമായി വിശകലനം ചെയ്താല്‍ ഇക്കാര്യം മനസ്സിലാകും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപരന്മാര്‍ ഉണ്ടായിരുന്നത് എനിക്കായിരുന്നു.നാലുപേര്‍ ആകെ പിടിച്ചത് 1469 വോട്ടുകളാണ്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ പ്രചരണം നടത്താന്‍ തെരഞ്ഞെടുത്തതും ബേപ്പൂര്‍ ആയിരുന്നു.ബിജെപിക്ക് വര്‍ദ്ധിച്ച വോട്ടുകളെല്ലാം കൂട്ടത്തോടെ എന്റെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടായി.അവസാന നിയമസഭാ സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായിട്ടും യുഡിഎഫിന്റെ ഭാഗത്തുനിന്നും പോരാട്ടം നയിക്കേണ്ട ഉത്തരവാദിത്വം ഞാന്‍ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു.ഒരു പരാതിയും പറയാതെ ഒറ്റയാള്‍ പടയായി ഞാന്‍ പോരാട്ടത്തെ നയിച്ചു.എന്നിട്ടും 29000 വോട്ടിന്റെ ഭൂരിപക്ഷം നാലിലൊന്നായി കുറക്കാന്‍ നമുക്ക് സാധിച്ചു.
സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മണ്ഡലത്തില്‍ ആകെ അനവധി പ്രാവശ്യം സംസ്ഥാനത്ത് മറ്റാരും പര്യടനം നടത്തിയതില്‍ അധികം ഞാന്‍ പര്യടനം നടത്തി.എനിക്കതിന് വേണ്ടതുപോലെ സമയവും ലഭിച്ചു. ഇടതുപക്ഷത്തിന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന പ്രദേശം എന്ന നിലയില്‍ ബേപ്പൂരില്‍ ഞാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു.നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പൂര്‍ണ്ണ ആശീര്‍വാദവും ഈ വിഷയത്തില്‍ ഉണ്ടായി. ‘നിങ്ങള്‍ ബേപ്പൂരിലെ ലീഡ് കുറച്ചാല്‍ ബാക്കി പ്രദേശത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം. അത് ഞങ്ങള്‍ ഏറ്റു’ എന്ന് യുഡിഎഫിന്റെ നിയോജക മണ്ഡലം നേതൃത്വം ഒറ്റക്കെട്ടായി എന്നോട് പറഞ്ഞു.
എന്റെ വാക്ക് ഞാന്‍ പാലിച്ചു.ബേപ്പൂരിലെ ലീഡ് 5000 ത്തിലേക്ക് ചുരുക്കാന്‍ നമുക്ക് സാധിച്ചു.യുഡിഎഫ് ഭരിക്കുന്ന മുന്‍സിപ്പാലിറ്റികളായ ഫറൂഖിലും രാമനാട്ടുകരയിലും പ്രതീക്ഷിച്ച പോലെ ലീഡ് ഉണ്ടാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ചരിത്രം തന്നെ മറ്റൊന്നായേനെ.
യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയും,യുഡിഎഫിലെ യുവ സംഘടനകളും മറ്റു ബഹുജന സംഘടനകളും എല്ലാം ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും സൗകര്യങ്ങളും എന്റെ കഴിവിന്റെ പരമാവധി ചെയ്തു കൊടുക്കാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്.എന്നിട്ടും തിരഞ്ഞെടുപ്പിനു ശേഷം മണ്ഡലത്തിലൂടെ നടത്തിയ യാത്രയില്‍ വിതരണം ചെയ്യാത്ത നോട്ടീസുകളും ഒട്ടിക്കപ്പെടാത്ത പോസ്റ്ററുകളും ചില കേന്ദ്രങ്ങളില്‍ ഉണ്ടായത് എന്നെ അത്യധികം വേദനിപ്പിച്ചു.തിരഞ്ഞെടുപ്പിനു ശേഷം പ്രാദേശിക നേതൃത്വത്തെ അവരവരുടെ വീടുകളില്‍ എത്തി ഞാന്‍ സന്ദര്‍ശിച്ചു.ആ സമയത്ത് അവര്‍ എന്നോട് മനസ്സ് തുറന്നു സംസാരിച്ചു.
ഞാന്‍ ബേപ്പൂരില്‍ എത്തിയ ദിവസം മുതല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണുന്നത് വരെ ഊണും ഉറക്കവും ഉപേക്ഷിച്ച് യുഡിഎഫിന്റെ വിജയത്തിനു വേണ്ടി ആഹോരാത്രം പണിയെടുത്ത യൂത്ത് കോണ്‍ഗ്രസിലെയും,യൂത്ത് ലീഗിലെയും ചെറുപ്പക്കാരോട് ‘നമ്മള്‍ ജയിക്കും’ എന്ന് ഞാന്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ എനിക്ക് സാധിച്ചില്ല.
ഈ കുറിപ്പ് പോയിട്ട് ഇതേക്കുറിച്ച് ഒരു വാക്കു പോലും മിണ്ടരുത് എന്ന് ഞാന്‍ തന്നെ ചിന്തിച്ചുറപ്പിച്ചതായിരുന്നു.പക്ഷേ,കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അസുഖകരമായ ചില വെളിപ്പെടുത്തലുകളും മാധ്യമ വാര്‍ത്തകളും എന്നെ ഇത്രയെങ്കിലും പറയാന്‍ നിര്‍ബന്ധിതനാക്കി.
വരുന്ന ദിവസങ്ങളില്‍ മണ്ഡലത്തിലെ 215 ബൂത്തുകളിലെ വിശദമായ കണക്ക് വോട്ട് ചോര്‍ന്ന കേന്ദ്രങ്ങള്‍, വഴികള്‍,സാഹചര്യങ്ങള്‍ അടക്കം വിശദമായി ഇതേ പേജിലൂടെ നിങ്ങളിലേക്ക് എത്തിക്കാന്‍ ഈ സാഹചര്യത്തില്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.
വീണ്ടും കാണാം….
പി.വി അന്‍വര്‍

Share this story

Leave a Comment

Your comment will be visible after admin approval.