ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ :യുകെയിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായി

Global Indian Writer · September 9, 2026 · 1 min read · 0 Comments · 0 Shares

ലണ്ടൻ: ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായി. ചൊവ്വാഴ്ച മാത്രം 600ൽ അധികം വിമാന സർവീസുകൾ റദ്ദാക്കിയതായാണ് വിമാന സർവീസ് നിരീക്ഷിക്കുന്ന വെബ്സൈറ്റായ ‘ഫ്‌ലൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്തത്.

യുകെയിലുടനീളമുള്ള വിമാന സർവീസുകളെ ബാധിച്ച ഈ തകരാർ ഫ്‌ലൈറ്റ് പ്രോസസിങ് സംവിധാനത്തിലാണ് ഉണ്ടായതെന്ന് ബ്രിട്ടനിലെ നാഷണൽ എയർ ട്രാഫിക് സർവീസസ് അറിയിച്ചു. പ്രശ്‌നം പരിഹരിച്ചതായും സാധാരണ നില കൈവരിച്ചു വരുന്നതായും അധികൃതർ പിന്നീട് വ്യക്തമാക്കി. എന്നാൽ ഈ സാങ്കേതിക തകരാറിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ലണ്ടനിലെ പ്രധാന വിമാനത്താവളങ്ങളായ ഹീത്രൂ, സ്റ്റാൻസ്റ്റെഡ് , ലണ്ടൻ സിറ്റി എന്നിവയ്ക്ക് പുറമേ മാഞ്ചസ്റ്റർ, ബർമിങ്ഹാം, സ്‌കോട്ട്ലൻഡ് തുടങ്ങിയ യുകെയിലെ വിവിധ എയർപോർട്ടുകളിലെ വിമാന സർവീസുകളെ ഈ തകരാർ ഗുരുതരമായി ബാധിച്ചു.

സാങ്കേതിക തകരാർ ബ്രിട്ടീഷ് എയർവേയ്സ്, ഈസിജെറ്റ്, കെഎൽഎം , ലുഫ്താൻസ തുടങ്ങിയ പ്രമുഖ എയർലൈൻ സർവീസുകളെ ബാധിച്ചിട്ടുണ്ട്. ഈ തകരാർ മൂലം തങ്ങളുടെ ചില വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിച്ചില്ലെന്നും യൂറോപ്പിലുടനീളം സർവീസുകൾ വൈകുന്നതിന് കാരണമായെന്നും ബജറ്റ് എയർലൈനായ ഈസിജെറ്റ് വ്യക്തമാക്കി. ഹീത്രൂ വിമാനത്താവളത്തിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഹ്രസ്വദൂര സർവീസുകൾ പലതും റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.

വിമാന സർവീസുകൾ മുടങ്ങിയതും വൈകിയതും കാരണം യാത്രക്കാർ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടു. വിമാനത്തിനുള്ളിൽ റൺവേയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടി വന്നതായി പല യാത്രക്കാരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചു. വിവരങ്ങൾ കൃത്യമായി കൈമാറാൻ വിമാനക്കമ്പനികൾ തയ്യാറായില്ലെന്നും യാത്രക്കാരുടെ പരാതിയുണ്ട്.

വിമാനത്താവളങ്ങളിൽ എത്തുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ സർവീസുകളുടെ നിലവിലെ അവസ്ഥ എന്താണെന്ന് അതാത് എയർലൈനുകളുമായി ബന്ധപ്പെട്ട് സ്ഥിരീകരണം വരുത്തണമെന്ന് എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.