ബ്രിക്‌സ് ഉച്ചകോടി: ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കും

Global Indian Writer · September 10, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കും. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിലെത്തുക. സെപ്റ്റംബര്‍ 12, 13 തീയതികളിലാണ് 18-ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍, പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ സംഘര്‍ഷവും റഷ്യ-യുക്രെയ്ന്‍ യുദ്ധവും തുടരുന്ന പശ്ചാത്തലത്തില്‍, ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ള നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും ബ്രിക്‌സ് സഹകരണത്തിനും സന്ദര്‍ശനം നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. ബ്രിക്‌സ് കൂട്ടായ്മയുടെ നിലവിലെ അധ്യക്ഷ രാജ്യമെന്ന നിലയിലാണ് ഇന്ത്യ 18ാമത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

2019ന് ശേഷം ആദ്യമായാണ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2019ല്‍ ചെന്നൈയ്ക്കടുത്തുള്ള മാമല്ലപുരത്ത് നരേന്ദ്ര മോദിയുമായി അനൗപചാരിക ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 2016ല്‍ ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. 2014 സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം. ആറ് വര്‍ഷം മുമ്പ് അതിര്‍ത്തിയില്‍ നടന്ന സൈനിക ഏറ്റുമുട്ടലിന് ശേഷം ഇന്ത്യ-ചൈന ബന്ധത്തില്‍ ഉണ്ടായിരുന്ന സംഘര്‍ഷം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം ഇതുവരെയുള്ള ഏറ്റവും വലിയ നയതന്ത്ര നീക്കമായി മാറിയേക്കും.

2020ലെ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ മെച്ചപ്പെട്ടുവരികയാണ്. വിമാന സര്‍വീസുകള്‍, വിസാ സൗകര്യങ്ങള്‍, ഉന്നതതല ആശയവിനിമയങ്ങള്‍ എന്നിവ പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും അതിര്‍ത്തി തര്‍ക്കം, വര്‍ധിച്ചുവരുന്ന വ്യാപാര കമ്മി, പരസ്പര മത്സരം എന്നിവ ഇന്ത്യ-ചൈന ബന്ധത്തില്‍ ഇപ്പോഴും വലിയ വെല്ലുവിളികളായി തുടരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇപ്പോഴും പരസ്പര അവിശ്വാസം നിലനില്‍ക്കുന്നുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.