രമേശ് ചെന്നിത്തലയുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം : സിപിഎം നേതാവ് കെ.എസ് അരുൺ കുമാറിനെതിരെ കേസ്

Global Indian Writer · September 17, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ സിപിഎം നേതാവ് കെ.എസ് അരുൺ കുമാറിനും ‘പോരാളി ഷാജി’ ഫേസ്ബുക്ക് പേജിനുമെതിരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തു.

മന്ത്രിയുടെ വിദേശയാത്രയ്ക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചുവെന്നും, യാത്രയ്ക്കായി ഉയർന്ന നിരക്കിലുള്ള വിമാന ടിക്കറ്റ് വേണമെന്ന് മന്ത്രിയുടെ ഭാര്യ വാശി പിടിച്ചുവെന്നും, ഒരു ടിക്കറ്റിന് നാല് ലക്ഷം രൂപ വീതം ചെലവഴിച്ചുവെന്നുമായിരുന്നു പ്രധാന പ്രചാരണം. കൂടാതെ 17 പേർ വിദേശ സന്ദർശനം നടത്തിയെന്ന വ്യാജ വിവരങ്ങളും പ്രചരിപ്പിച്ചിരുന്നു. ഈ തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിലൂടെ ആഭ്യന്തര മന്ത്രിയുടെയും കുടുംബത്തിന്റെയും ഖ്യാതിക്ക് ഭംഗം വരുത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.

ഷിക്കാഗോയിൽ സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അമേരിക്കയിലെത്തിയതെന്നും യാത്രയുടെയും താമസത്തിന്റെയും ചെലവ് സംഘാടകരാണ് വഹിക്കുന്നതെന്നും രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. മന്ത്രി മോൻസ് ജോസഫ്, ജോസ് കെ. മാണി എംപി, അൻവർ സാദത്ത് എംഎൽഎ, മുൻ മന്ത്രി പന്തളം സുധാകരൻ തുടങ്ങിയവരും വിവിധ പരിപാടികളിൽ അദ്ധേഹത്തോടൊപ്പം പങ്കെടുത്തിരുന്നു.

ചെന്നിത്തലയുടെ അമേരിക്കൻ സന്ദർശനത്തെ അപകീർത്തിപ്പെടുത്തികൊണ്ടുള്ള സൈബർ പ്രചാരണങ്ങൾക്കെതിരെ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടലും ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.