വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് എസ് ജയശങ്കര്‍

Global Indian Writer · September 26, 2026 · 1 min read · 0 Comments · 0 Shares

ന്യൂയോര്‍ക്ക്: ഗള്‍ഫ്, ചെങ്കടല്‍, കരിങ്കടല്‍ എന്നിവിടങ്ങളില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തിന്റെ യോഗത്തില്‍ സംസാരിക്കവെയായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം. രണ്ട് ദിവസം മുമ്പ് ഒമാന്‍ ഉള്‍ക്കടലില്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ പതാകയുള്ള ചരക്കുകപ്പല്‍ എംവി കേപ് ഡോവ് ആക്രമിക്കപ്പെട്ടതായും സംഭവത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ഇതിന് പത്ത് ദിവസം മുമ്പ് പനാമയുടെ പതാകയുള്ള എണ്ണക്കപ്പല്‍ എല്‍ ഗയ ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടതായും ഒരു ഇന്ത്യന്‍ ജീവനക്കാരനെ കാണാതായതായും അദ്ദേഹം വ്യക്തമാക്കി.

കരിങ്കടലില്‍ നടന്ന രണ്ട് ആക്രമണങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. ജൂലൈ 18ന് റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ എംവി ഒമോര്‍ഫി ആക്രമിക്കപ്പെട്ടപ്പോള്‍ കപ്പലിലെ ചീഫ് ഓഫീസറും ഇന്ത്യന്‍ പൗരനുമായിരുന്നയാള്‍ കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം ഒഡേസയില്‍ നിന്ന് പുറപ്പെട്ട എംവി ഗോള്‍ഡന്‍ ലിയോ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് നാല് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിലെ നാവികരും ഈ വര്‍ഷം സമാനമായ ആക്രമണങ്ങളുടെ ഇരകളായിട്ടുണ്ടെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

കരിങ്കടല്‍ മുതല്‍ ചെങ്കടല്‍ വരെയും ഗള്‍ഫ് മേഖലകളിലും സിവിലിയന്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമുദ്രവ്യാപാരത്തെ തടസ്സപ്പെടുത്തുകയും നിരപരാധികളുടെ ജീവനെടുക്കുകയും ചെയ്യുന്ന ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. ലോകത്തിലെ പ്രതിദിന അന്താരാഷ്ട്ര വ്യാപാരം 140 ബില്യണ്‍ ഡോളറിലധികമാണ്. അതിന്റെ 80 ശതമാനത്തിലധികവും സമുദ്രങ്ങളിലൂടെയാണ്. ലോകത്തെ വാണിജ്യ കപ്പലുകളിലായി ഏകദേശം 20 ലക്ഷം നാവികര്‍ ജോലി ചെയ്യുന്നുണ്ട്. ഈ ജീവനക്കാര്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ള അന്താരാഷ്ട്ര സുരക്ഷാ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ആഴ്ച മുമ്പ് ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്‌സ് ഉച്ചകോടിയിലും ഇന്ത്യ ഈ വിഷയം ഉന്നയിച്ചിരുന്നു. നാവികര്‍ക്കായി അടിയന്തര സഹായ ശൃംഖല രൂപീകരിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. അടിയന്തര സന്ദേശങ്ങള്‍ കൈമാറാനും വൈദ്യസഹായം ലഭ്യമാക്കാനും കുടുംബങ്ങളെ വിവരമറിയിക്കാനും ആവശ്യമായ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഈ സംവിധാനത്തിന് കഴിയണമെന്നാണ് നിര്‍ദേശിച്ചത്. ഐക്യരാഷ്ട്രസഭയിലും സമുദ്രസുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ഇന്ത്യ ഉന്നയിച്ചതായി ജയശങ്കര്‍ വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.