യുഎസിലേക്ക് കടക്കാൻ തയാറെടുത്ത ഗുജറാത്തികളെ തട്ടിക്കൊണ്ടു പോയി : മോചനത്തിനായി ആവശ്യപ്പെടുന്നത് ഒരു കോടി

Global Indian Writer · October 1, 2026 · 1 min read · 0 Comments · 0 Shares

അഹമ്മദാബാദ് : അനധികൃത മാർഗത്തിലൂടെ യുഎസിലേക്ക് കടക്കാൻ തയാറെടുത്ത മൂന്ന് ഗുജറാത്തികളെ ഇത്യോപ്യയിൽ വച്ച് തട്ടിക്കൊണ്ടു പോയെന്ന് പരാതി. തട്ടിക്കൊണ്ടുപോയവർ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. രണ്ട് യുവതികളും ഒരു പുരുഷനുമാണ് ഗുജറാത്തിൽനിന്നും അമേരിക്കയിലേക്ക് സെപ്റ്റംബർ 20 ന് പുറപ്പെട്ടത്. ഇതിനായി ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഒരു ഏജന്റിന്റെ സഹായവും ഇവർക്ക് ലഭിച്ചിരുന്നു. അമേരിക്കയിൽ എത്തിക്കുന്നതിനു 70 ലക്ഷം രൂപയാണ് ഒരോരുത്തരും ഏജന്റിനു നൽകിയത്.

ഇത്യോപ്യയിൽ എത്തിയ ശേഷം ഇവരെ കുറിച്ച് വീട്ടുകാർക്ക് ബന്ധം നഷ്ടമായി. ഗുജറാത്തികളായ റുത്വിക് ജാൻസാരി, മമത ചാവ്ദ, മയൂരി എന്നിവരെയാണ് കാണാതായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സെപ്റ്റംബർ 22 മുതൽ ഇവർ എവിടെയാണെന്ന വിവരം നഷ്ടമായെന്ന് പൊലീസ് പറയുന്നു. അതേസമയം ഇത്യോപ്യയിൽനിന്നും മോചനദ്രവ്യം ആവശ്യപ്പെട്ട് വിളി വന്നതായി കുടുംബം പറയുന്നുണ്ട്. മോചനത്തിനായി ഒരു കോടി രൂപ ആവശ്യപ്പെട്ടതായി മമതയുടെ പിതാവ് കിരിത്ഭായ് ചൗഹാൻ പറഞ്ഞു. യുഎസിലേക്ക് അയക്കാനായി വലിയ തുക നൽകിയെന്നും ഇനി പണമൊന്നും ബാക്കിയില്ലെന്നും കുടുംബം പറയുന്നു. അതേസമയം തട്ടിക്കൊണ്ടുപോയവർക്ക് ഇതിനകം 60 ലക്ഷം രൂപ നൽകിയെന്ന് റുത്വിക് ജാൻസാരിയുടെ കുടുംബം അവകാശപ്പെട്ടു. ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പ്രാദേശിക ഏജന്റും മാധ്യമങ്ങളോടു സ്ഥിരീകരിച്ചിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.