പൗരാവകാശ വിഷയങ്ങളില്‍ സുപ്രിംകോടതിയെ നിരന്തരം സമീപിച്ച് മടുത്തെന്ന് കപിൽ സിബൽ

Global Indian Writer · October 11, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: പൗരാവകാശ വിഷയങ്ങളില്‍ സുപ്രിംകോടതിയെ നിരന്തരം സമീപിച്ച് മടുത്തെന്നും കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ കുറഞ്ഞെന്നും മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം കോടതിയെ സമീപിച്ചിട്ടും ആശ്വാസം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സമരത്തെ നേരിടാന്‍ പൗരാവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ട് പൊലീസ് കൈക്കൊണ്ട നടപടികളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസ്താവന.


‘സുപ്രിംകോടതിയെ നിരന്തരം സമീപിച്ച് മടുത്തു. അവിടെ പോകുന്നതുകൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. സുപ്രിംകോടതിയില്‍ എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു’ -കപില്‍ സിബല്‍ പറഞ്ഞു. എസ്‌ഐആറിന്റെ പേരില്‍ വോട്ടര്‍പട്ടികയില്‍നിന്ന് അര്‍ഹരായവരുടെ പേരുകള്‍ നീക്കം ചെയ്യുന്നതും അനര്‍ഹരുടെ പേരുകള്‍ ഉള്‍പ്പെടുത്തുന്നതും സംബന്ധിച്ച് സുപ്രിംകോടതിയെ പലതവണ അറിയിച്ചിരുന്നുവെന്നും മാസങ്ങളോളം വാദിച്ചിട്ടും ആശ്വാസം ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബംഗാളിലെ അപ്പീല്‍ ട്രൈബ്യൂണലുകള്‍ ഇതുവരെ തീര്‍പ്പാക്കിയ 93 ശതമാനം അപ്പീലുകളിലും വോട്ടര്‍മാരുടെ പേരുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ തെറ്റായാണ് നീക്കം ചെയ്തത് എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇടപെടലുണ്ടായില്ലെന്ന് സിബല്‍ ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തില്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ കഴിയുന്ന ഏക സ്ഥാപനം സുപ്രിംകോടതിയാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ കോടതിയില്‍നിന്ന് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ കുറഞ്ഞു -സിബല്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനോട് അതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന്, താന്‍ സംതൃപ്തനോ അസംതൃപ്തനോ അല്ലെന്നായിരുന്നു മറുപടി. അഭിഭാഷകര്‍ക്ക് ജനങ്ങളുടെ കേസുകള്‍ പോരാടി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.