ന്യൂഡൽഹി: എസ്ഐആര്‍ വഴി വോട്ടർമാരെ ഒഴിവാക്കിയെന്നും ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും കാണിച്ച് രാഹുൽ ഗാന്ധി സുപ്രിംകോടതിയിൽ ഹരജി നൽകി. എസ്ഐആർ നടപടികൾ ഉടനടി നിർത്തിവെക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുൽ ഗാന്ധിക്കുവേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്. ഹരജി നാളെ പരിഗണിക്കും.
നേരത്തെ, വിഷയത്തിൽ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്ക് രാഹുൽ ഗാന്ധി അനുമതി തേടിയിരുന്നെങ്കിലും, സമാനമായ വിഷയങ്ങൾ കോടതിയുടെ പരിഗണനയിലുള്ളതിനാൽ കൂടിക്കാഴ്ച നിഷേധിക്കുകയായിരുന്നു. ഹരജി നൽകാൻ സ്വാതന്ത്ര്യമുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട കേസുകൾ ഒക്ടോബർ 13ന് പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ഹരജിയും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.
തുടർന്നാണ് രാഹുൽ ഗാന്ധി റിട്ട് ഹർജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഗ്യാനേഷ് കുമാറിനെതിരെ ഇന്‍ഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച സുപ്രിംകോടതി മാർച്ച് പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്‍ഡ്യ സഖ്യ നേതാക്കളും എം.പിമാരും പ്രത്യേകം സജ്ജമാക്കിയ ബസിലാണ് സുപ്രിംകോടതിയിലേക്ക് മാർച്ച് നടത്തുന്നത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽനിന്ന് റാഫി മാർഗിൽക്കൂടി അശോക മാർഗ് കടന്ന് സുപ്രിംകോടതിയിൽ എത്തിച്ചേരും. കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം.
ബാരക്കമ്പയിൽ എത്തുന്ന എംപിമാരെ ബാരിക്കേഡ് വച്ച് തടയാനാണ് പൊലീസിന്റെ തീരുമാനം. ആയിരക്കണക്കിനു പ്രവർത്തകരാണ് ബാരക്കമ്പയിൽ തടിച്ചുകൂടിയിരിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.