തിരുവനന്തപുരം: മാസപ്പടിക്കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉടൻ സുപ്രിംകോടതിയിൽ അപ്പീൽ നൽകി. പിണറായിക്കായി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ഹാജരായി. മുഹമ്മദ് റിയാസും ടി.വീണയും സുപ്രിംകോടതിയിൽ ഹരജി നൽകി. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ഹരജി ഈ മാസം 26ന് പരിഗണിക്കും. അതേസമയം കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ അന്വേഷണത്തിൽ ഇ ഡിയുടെ റിപ്പോർട്ട് വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് വിജിലൻസ് എസ്ഐടി. ഇഡിക്ക് ലഭിച്ച രേഖകളും മൊഴികളും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന്റെ വിശദമായ പരിശോധനക്ക് ശേഷമാകും പ്രതികളെ ചോദ്യം ചെയ്യുക. സിഎംആർഎല്ലിലെ ഉദ്യോഗസ്ഥർ, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് ആദ്യം മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമാവും പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ തുടങ്ങിയവരെ ചോദ്യം ചെയ്യുക. മാസപ്പടി, ഹവാല ഇടപാടുകളുടെ അന്വേഷണത്തിന് രണ്ട് സംഘങ്ങളെയാണ് വിജിലൻസ് രൂപീകരിച്ചിരിക്കുന്നത്. വിജിലൻസ് ഐജിയുടെ ചുമതല വഹിക്കുന്ന ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതല.
Leave a Comment
Your comment will be visible after admin approval.