കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ ഗണ്മാന് അഭിലാഷിന്റെ നിര്‍ണായക മൊഴി. കെഎസ്യു പ്രവര്‍ത്തകര്‍ ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന മൊഴി നല്‍കിയത് വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമെന്ന് അഭിലാഷ് പറയുന്നു.
എസ്ഐടിക്കാണ് അഭിലാഷ് മൊഴി നല്‍കിയത്. വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ അക്രമിക്കുന്നത് കണ്ടിട്ടില്ല. വീണാ ജോര്‍ജ് നിര്‍ദേശിച്ച പ്രകാരമാണ് റെയില്‍വേ പൊലീസിന് അന്ന് മൊഴി നല്‍കിയതെന്നും അഭിലാഷ് പറഞ്ഞു. അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഐടി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. കരിങ്കൊടി പ്രതിഷേധത്തിനിടെ വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ 16 ദിവസത്തോളം റിമാന്‍ഡിലായിരുന്നു.
തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരാണ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കേസില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം നല്‍കിയത് ആരാണെന്ന കാര്യവും എസ്ഐടി പരിശോധിക്കുന്നുണ്ട്.
സംഭവത്തില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വധശ്രമം നടത്തിയിട്ടില്ലെന്നും കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടത്തിയതെന്നുമായിരുന്നു കെഎസ്യുവിന്റെ നിലപാട്.
Leave a Comment
Your comment will be visible after admin approval.