തിരുവനന്തപുരം∙ പിഎസ്സി ചെയർമാനെ നീക്കണമെന്നും കമ്മിഷനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കേരള ഗവർണർ ശുപാർശ നൽകിയത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുർവിനിയോഗവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ഭരണഘടനയുടെ ആർട്ടിക്കിൾ 316 പ്രകാരമാണ് പബ്ലിക് സർവീസ് കമ്മിഷനെ നിയമിക്കുന്നത്. അങ്ങനെ നിയമിക്കപ്പെടുന്ന അംഗങ്ങൾക്ക് 6 വർഷത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ കാലാവധിക്കകം ഒരംഗത്തെ നീക്കം ചെയ്യണമെങ്കിൽ ആർട്ടിക്കിൾ 317 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണം. പരാതിയിൽ സുപ്രീം കോടതി അന്വേഷണ വിചാരണ നടത്തി ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യേണ്ടതാണെന്ന് റിപ്പോർട്ട് ചെയ്യണം. അതിനുശേഷമേ രാഷ്ട്രപതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ.
അത്തരമൊരു അന്വേഷണ വിചാരണയും കേരളത്തിലെ പിഎസ്സി അംഗങ്ങൾക്കെതിരായി സുപ്രീംകോടതിയിൽ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഗവർണർക്ക് ഇത്തരത്തിലൊരു ശുപാർശ നടത്താൻ ഭരണഘടനാപരമായി അധികാരമില്ല. സ്ഥാനം ഒഴിഞ്ഞ ഗവർണർ പോകുന്ന പോക്കിൽ സംസ്ഥാനത്ത് ഇതുവരെ നടത്തിയ നിയമവിരുദ്ധ ഇടപെടലുകളുടെ തുടർച്ചയായി ഇത്തരത്തിലൊരു ശുപാർശ നടത്തിയതാണ്. ഗവർണർ മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ ഏതു പ്രവൃത്തിയും നടത്താവൂ.
ഗവർണർക്ക് ഇക്കാര്യത്തിൽ സ്വതന്ത്രമായ അധികാരം ഇല്ല. ഗവർണറുടെ നിയമവിരുദ്ധ നടപടിയിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണം. ഗവർണർമാർ ഭരണഘടനാവിരുദ്ധമായി സ്വീകരിക്കുന്ന ഇത്തരം നിലപാടുകളെ യുഡിഎഫ് സർക്കാർ പിന്തുണയ്ക്കുന്നുണ്ടോ? ഏതെങ്കിലും ഒരു നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് പിഎസ്സിയുടെ മുഴുവൻ വിശ്വാസ്യതയും തകർക്കാനുള്ള സംഘടിത ശ്രമവും ഗൂഢാലോചനയുമാണ് ഇപ്പോൾ നടക്കുന്നതെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പിണറായി പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.