ജയ്പൂർ: രാജസ്ഥാനിൽ ചുമ മരുന്ന് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു. പത്തോളം പേർ ചികിത്സയിൽ. രാജസ്ഥാനിലെ സികാർ ജില്ലയിൽ നിന്നുള്ള നിതീഷ് എന്ന അഞ്ചുവയസ്സുകാരനും സാമ്രാട്ട് ജാദവ് എന്ന രണ്ടുവയസ്സുകാരനുമാണ് ചുമമരുന്ന് കഴിച്ചതിനു പിന്നാലെ മരിച്ചത്. ചുമ മരുന്ന് സുരക്ഷിതമാണെന്ന് തെളിയിക്കാനായി ഒരു ഡോസ് കഴിച്ച ഡോക്ടറെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തു.
കേസൺ ഫാർമ(Kayson Pharma) നിർമിച്ച കഫ്സിറപ്പാണ് ആശങ്ക പരത്തിയിരിക്കുന്നത്. ഡെക്സ്ട്രോമെതോർഫൻ ഹൈഡ്രോബ്രൊമൈഡ് എന്ന സംയുക്തം അടങ്ങിയ ചുമ മരുന്ന് കഴിച്ചാണ് തിങ്കളാഴ്ച അഞ്ചുവയസ്സുകാരൻ മരിച്ചത്. മരുന്ന് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണം സംഭവിക്കുകയായിരുന്നു. ചുമയും പനിയും ബാധിച്ചാണ് നിതീഷിനെ ചിരാനയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചത്. അവിടെ നിന്ന് ഡോക്ടർ എഴുതിക്കൊടുത്ത ചുമ മരുന്ന് രാത്രി പതിനൊന്നരയോടെയാണ് അമ്മ നിതീഷിന് നൽകിയത്. എന്നാൽ പുലർച്ചെ മൂന്നുമണിയോടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അൽപം വെള്ളം കൊടുത്തതിനുശേഷം മകനെ കിടത്തിയുറക്കിയെങ്കിലും പിന്നീട് അവൻ എഴുന്നേറ്റില്ലെന്ന് മാതാപിതാക്കൾ പറയുന്നു.
നിതീഷിന് മറ്റു പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ഡോക്ടർ നിർദേശിച്ച ഡോസ് മാത്രമാണ് നൽകിയിരുന്നതെന്നും മാതാപിതാക്കൾ പറഞ്ഞു. അഞ്ചുവയസ്സുകാരന്റെ മരണം പുറത്തുവന്നതോടെ മറ്റൊരു രണ്ടുവയസ്സുകാരനും സമാന സാഹചര്യത്തിൽ മരിച്ച വാർത്ത പുറത്തുവന്നിരിക്കുകയാണ്.



