ശ്രീനഗർ: പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധി എന്തുകൊണ്ടും യോഗ്യനാണെന്നും 2024ൽ ഒരു മൂന്നാം മുന്നണിയും വിജയിക്കില്ലെന്നും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. വിദ്വേഷവും ഭയവും നീക്കുകയാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്നും പ്രതിപക്ഷ പാർട്ടികളെ അദ്ദേഹത്തിന്റെ പാർട്ടിയുടെ ബാനറിന് കീഴിൽ ഒന്നിപ്പിക്കുകയല്ലെന്നും റാവത്ത് പറഞ്ഞു.
‘പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വ്യത്യാസങ്ങൾക്കപ്പുറം, അദ്ദേഹം തന്റെ നേതൃഗുണങ്ങൾ കാണിക്കും. 2024 പൊതുതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് അദ്ദേഹം വലിയ വെല്ലുവിളിയായിരിക്കും. രാഹുൽ വലിയ അത്ഭുതം സൃഷ്ടിക്കും’- സഞ്ജയ് റാവത്ത് ജമ്മു കശ്മീരിൽ പറഞ്ഞു.
രാഹുലിനെ കുറിച്ച് തെറ്റായ ധാരണയാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നും എന്നാൽ ഈ യാത്ര അദ്ദേഹത്തെക്കുറിച്ചുള്ള അവരുടെ എല്ലാ മിഥ്യാധാരണകളും പൊളിച്ചെഴുതിയെന്നും കശ്മീരിലേക്ക് പ്രവേശിപ്പിച്ച ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധിക്കൊപ്പം 13 കി.മീ യാത്ര ചെയ്ത റാവത്ത് പറഞ്ഞു.