തിരുവനന്തപുരം: സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിലെ അഡ്മിനിസ്റ്റർ ഭരണത്തിന് വിരാമമിട്ട് യുഡിഎഫ് പാനൽ വിജയിച്ചു. നേരത്തെ പൊതുയോഗത്തിൽ അവിശ്വാസം കൊണ്ടുവന്ന് നിലവിലുണ്ടായിരുന്ന യുഡിഎഫ് ഭരണത്തെ പുറത്താക്കി അഡ്മിനിസ്റ്റർ ഭരണം തുടരുകയായിരുന്നു.
ഒന്നര വർഷത്തിന് ശേഷം അഡ്മിനിസ്റ്റർ ഭരണത്തിനെതിരെ യുഡിഎഫ് നേതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. നേതാക്കളായ ശിവദാസൻ നായരും സി കെ ഷാജിമോഹനും നൽകിയ കേസിൻ്റെ അടിസ്ഥാനത്തിൽ കോടതി 2023 മെയ് അഞ്ചിനകം തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ടു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ നോമിനേഷനും വോട്ടും തള്ളാൻ ശ്രമം നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് തർക്കമുളള രണ്ട് വോട്ടുകൾ പ്രത്യേക ബോക്സിൽ സൂക്ഷിച്ച് തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് സികെ ഷാജിമോഹൻ നൽകിയ മറ്റൊരു കേസിൽ പ്രത്യേക പെട്ടിയിൽ സൂക്ഷിച്ചിരുന്ന വോട്ട് എണ്ണിതിട്ടപ്പെടുത്തി ഫലം പ്രഖ്യാപിക്കാൻ കോടതി നിർദ്ദേശിച്ചു.
ഇന്ന് 11 മണിക്കായിരുന്നു വോട്ട് എണ്ണിയത്. രണ്ട് വോട്ടും യുഡിഎഫ് പാനലിന് അനുകൂലമാവുകയായിരുന്നു. 36 നെതിരെ 38 വോട്ടുകൾ നേടിയായിരുന്നു യുഡിഎഫ് ഭരണം തിരിച്ച് പിടിച്ചത്. കൗണ്ടിംഗ് നടത്തി ഫലം പ്രഖ്യാപിക്കാൻ കോടതി വിധിയുണ്ടായിട്ടും റിട്ടേണിംഗ് ഓഫീസർ അതിന് തയ്യാറായില്ലെന്ന് യുഡിഎഫ് ആരോപിച്ചു. റിട്ടേണിംഗ് ഓഫീസർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കാനാണ് തീരുമാനം.
യുഡിഎഫ് പാനലിൽ നിന്ന് ഭരണ സമിതിയിലേക്ക് ശിവദാസൻ നായർ, സി കെ ഷാജി മോഹൻ, എ നീലകണ്ഠൻ, ടി എ നവാസ്, റോയി കെ പൗലോസ് , എസ് മുരളിധരൻ നായർ, ഫിൽസൺമാത്യുസ്, ടി എം കൃഷ്ണൻ, എസ് കെ അനന്തകൃഷ്ണൻ, വി പി അബ്ദുറഹിമാൻ, ആവോലം രാധാകൃഷ്ണൻ, മേഴ്സി സാമുവൽ, ഷീല ഒ ആർ, പി കെ രവി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.