ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ കണക്കുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 109 കേസുകളും ഒരു മരണവുമാണ് രേഖപ്പെടുത്തിയത്. നിലവിൽ 1842 കൊറോണ ബാധിതരാണ് ഇന്ത്യയിലുള്ളത്. ഇതോടെ നിലവിലെ പോസിറ്റിവിറ്റി നിരക്ക് 0.07 ശതമാനവും വാരാന്ത്യ കണക്കുകൾ 0.08 ശതമാനവും ആയി താഴ്ന്നു.
സജീവ കേസുകൾ ഇപ്പോൾ മൊത്തം രോഗബാധിതരുടെ 0.01 ശതമാനമാണ്. ഇതോടെ രോഗമുക്തരുടെ എണ്ണം 98.81 ശതമാനമായി വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 220.4 കോടി ഡോസ് കൊറോണ വാക്‌സിനുകൾ ഇതുവരെ നൽകി കഴിഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.
ഇന്ത്യയുടെ കോവിഡ് കണക്കുകൾ 2020 ആഗസ്റ്റിൽ 20 ലക്ഷം കടന്നിരുന്നു. ഈ വർഷത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആകെ കൊറോണ ബാധിതരുടെ കണക്ക് 4 കോടി കടന്ന് കഴിഞ്ഞു. 53000 കൊറോണ മരണങ്ങളും ആകെ രേഖപ്പെടുത്തിയിട്ടുണ്ട്.