പത്തനംതിട്ട: ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികളെ ക്കുറിച്ച് വിശദമായി ചർച്ച ചെയ്ത് പരിഹാരം കാണുന്നതിന് ഡി.സി.സി.യുടെ ക്യാമ്പ് എക്സിക്യൂട്ടീവ് അടിയന്തിരമായി വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. വി.ആർ.സോജി ഡി.സി.സി. പ്രസിഡന്റിന് കത്ത് നൽകി. എന്നാൽ കത്തിലെ ആവശ്യം അംഗീകരിക്കുവാൻ ഡി.സി.സി. പ്രസിഡന്റ് തയ്യാറായിട്ടില്ല. അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം കടന്നു പോകുന്നതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പാർലമെന്റ് തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം അവശേഷിക്കെ സംഘടനാപരമായ ദൗർബല്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ചർച്ച ചെയ്ത് പരിഹരിച്ചില്ലെങ്കിൽ പാർട്ടിയുടെ സ്ഥിതി വളരെ മോശമാകും. കുശാഗ്ര ബുദ്ധിയോടു കൂടി മതന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലേക്ക് ജില്ലയിൽ സി.പി.ഐ(എം) വേരുറപ്പിച്ചിട്ടും ആ വിഭാഗങ്ങളിൽപ്പെട്ട നേതാക്കളെ നിസാര കാര്യങ്ങളുടെ പേരിൽ അച്ചടക്ക നടപടി എടുത്ത് മാറ്റി നിർത്തുന്നത് ജില്ലയിലെ കോൺഗ്രസിന് ഗുണം ചെയ്യില്ല. മുൻ ഡി.സി.സി. പ്രസിഡന്റ് പീലിപ്പോസ് തോമസ്, ഡി.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന നിരണം തോമസ്, അഡ്വ.തോമസ് മാത്യു, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ, ബാബു ജോർജ്ജ് എന്നിവർക്ക് നേരെയുളള നടപടികൾ സി.പി.ഐ(എം) ആയുധമാക്കിക്കഴിഞ്ഞു. ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ്ജിനെ മുന്നിൽ നിർത്തി ഓർത്തഡോക്സ് സഭയിൽ സി.പി.ഐ.(എം) സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ കേരളം മുഴുവൻ അറിയപ്പെടുന്ന അതേ സമുദായത്തിൽപ്പെട്ട ബാബു ജോർജ്ജിനെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. മദ്ധ്യതിരുവിതാംകൂറിൽ ഇതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കും.
രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനുളള രാഷ്ട്രീയ കൗശലം പ്രയോഗിക്കുന്നതിനു പകരം വിമർശനങ്ങളെ അസഹിഷ്ണതയോടെ കണ്ട് അവരെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് ഇപ്പോൾ ജില്ലയിൽ നടക്കുന്നത്. ബാബു ജോർജ്ജിനെതിരെയുളള സസ്പെൻഷൻ പാർട്ടി ഭരണഘടന അനുസരിച്ചുള്ളതല്ല. തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി. മെമ്പറായ ബാബു ജോർജ്ജിനെതിരെ നടപടി സ്വീകരിക്കുവാൻ പാർട്ടി ഭരണഘടനയുടെ അച്ചടക്ക നടപടി ചട്ടം അനുച്ഛേദം 19 (f) (i) പ്രകാരം കെ.പി.സി.സി. എക്സിക്യൂട്ടീവിന് മാത്രമേ അധികാരമുള്ളൂ. ഇതിനായി കെ.പി.സി.സി. എക്സിക്യൂട്ടീവ് കൂടിയിട്ടില്ല. ഈ ചട്ടത്തിന്റെ 5 (1) വകുപ്പ് അനുസരിച്ച് നടപടിക്കു മുമ്പായി നോട്ടീസ് നിർബന്ധമായും നൽകിയിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ യാതൊരു നോട്ടീസും ബാബു ജോർജ്ജിന് നൽകിയിട്ടില്ല. ഡി.സി.സി. പ്രസിഡന്റ് നടത്തിയ വാർത്താ സമ്മേളനത്തിൽ ബാബു ജോർജ്ജിനെതിരെ പരാതി നൽകിയിട്ടില്ലെന്നും നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
പരാതിക്കാരനോ രേഖാമൂലമായ പരാതിയോ ഇല്ലാതെ എങ്ങനെയാണ് ഒരാൾക്കെതിരെ നടപടി സ്വീകരിക്കുവാൻ സാധിക്കുക. സി.സി. ടി.വി. ദൃശ്യങ്ങൾ ഡി.സി.സി. പ്രസിഡന്റ് മനപ്പൂർവ്വം സ്വകാര്യ വാർത്താ ചാനലിന് നൽകി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഇതിന്റെ പിന്നിൽ ഗൂഢാലോചന ഉണ്ട്. 1991ൽ സംഘടനാ തെരഞ്ഞെടുപ്പ് വേളയിൽ വരണാധികാരിയായിരുന്ന രവി അരുണനെ വടി വാൾ കൊണ്ട് വെട്ടുവാൻ ശ്രമിച്ച നേതാക്കൾക്കെതിരെ പോലും അന്ന് യാതൊരു നടപടിയും സ്വീകരിച്ചില്ല. ഫിലിപ്പോസ് തോമസ് എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകുവാനാണ് പരിശ്രമിച്ചത്. ഡി.സി.സി. അദ്ധ്യക്ഷ പദവി പാർട്ടിയിലെ രക്ഷകർതൃസ്ഥാനമാണ്. എന്നാൽ വേലി തന്നെ വിളവു തിന്നുന്നതാണ് ഇപ്പോൾ കാണുന്നത്. കെ.എസ്.യു. – യൂത്ത് കോൺഗ്രസ് പശ്ചാത്തലമില്ലാത്ത നേതൃത്വത്തിന് രാഷ്ട്രീയ പക്വത ഉണ്ടാവില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.ഐ.(എം) ഒരു തവണ ഭവനസന്ദർശനം പൂർത്തീകരിച്ചു കഴിഞ്ഞു. ചിലരുടെ വാർദ്ധക്യകാല രാഷ്ട്രീയ മോഹങ്ങൾക്കു വേണ്ടി ജില്ലയിലെ കോൺഗ്രസിനെ ബലി കഴിക്കുവാൻ ആരെയും അനുവദിക്കരുത്. ക്യാമ്പ് എക്സിക്യൂട്ടീവ് വിളിച്ചു ചേർക്കണമെന്ന് കത്തു നൽകിയിട്ടും മറുപടി ലഭിക്കാത്തതു കൊണ്ടാണ് കത്തിലെ ഉള്ളടക്കം പരസ്യപ്പെടുത്തുന്നതെന്നും വി.ആർ.സോജി പറഞ്ഞു. ഡി.സി.സി.യുടെ മുഖ്യധാരയിൽ പ്രവർത്തിച്ചിരുന്ന തന്നെ കഴിഞ്ഞ ഒന്നരവർഷമായി പരിപൂർണ്ണ മായും മാറ്റിനിർത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.