കാസർകോട്: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് ഒരു മരണം. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തെന്ന് മേൽപറമ്പ് ഇൻസ്പെക്ടർ ഉത്തംദാസ് ഏ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവർക്ക് പുറമെ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. പുതുവർഷ ദിവസമാണ് ഇവർ ഓൺലൈനായി കുഴിമന്തി വാങ്ങിയത്.
അതിനിടെ, കാസർക്കോട്ടെ ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തിൽ കർശന നടപടി എടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. കണ്ണൂരിലെയും കാസർക്കോട്ടെയും ഉദ്യോഗസ്ഥരോട് പെൺകുട്ടി ഭക്ഷണം വാങ്ങിയ ഹോട്ടലിലെത്തി പരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഭക്ഷ്യാസുരക്ഷാ നിയമം ഉണ്ടായിട്ടും ഭക്ഷ്യവിഷബാധ മൂലം ആളുകൾ മരിച്ചതിന് ഒരു ഹോട്ടലുടമപോലും സംസ്ഥാനത്ത് ഇത് വരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസുകളുടെ തീർപ്പ് വൈകുന്നതാണ് ഇതിന് കാരണമെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മീഷൺർ വിആർ വിനോദ് വിശദീകരിക്കുന്നത്.