മനോജ് ചന്ദനപ്പള്ളി
ചന്ദനപ്പള്ളി : മലങ്കര ഓർത്തഡോക്സ് സഭയിലെ സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ ആധാരസ്തംഭവും രൂപഘടനയുടെ ശില്പിയും ആയിരുന്ന വെരി. റവ. കെ. ഡേവിഡ് കോർ എപ്പിസ്കോപ്പ കർത്തൃസന്നിധിയിൽ ചേർന്നിട്ട് അൻപത് വർഷം പൂർത്തിയാകുന്നു. ചരമ സുവർണ്ണജൂബിലി അനുസ്മരണ ചടങ്ങ് 2025 ഒക്ടോബർ 18-ാം തീയതി (ശനിയാഴ്ച) ചന്ദനപ്പള്ളി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ വെച്ച് നടക്കും.
മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികനായിരിക്കും. രാവിലെ 7 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും.
സമ്മേളനത്തിന് അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
പരിശുദ്ധ കാതോലിക്കാ ബാവാ ഉ്ഘാടനം ചെയ്യും.
ചടങ്ങിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.
അഭി. ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത,റവ. ഫാ. ജോബ് സാം മാത്യു, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ,വൈദിക സെമിനാരി പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ ,തുമ്പമൺ ഭദ്രാസന സെക്രട്ടറി വെരി. റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഡോ. കുര്യൻ തോമസ് , പ്രൊഫ. ഡോ. ചെറിയാൻ തോമസ്, വലിയ പള്ളി വികാരി ഫാ. സുനിൽ ഏബ്രഹാം,സംഘാടക സമിതി കൺവീനർ അഡ്വ. ബാബുജി കോശി എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും .
സർഗാത്മക വൈദിക ശ്രേഷ്ഠൻ
സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ ക്രമീകരണവും പാഠ്യപദ്ധതിയും രൂപകല്പന ചെയ്ത വൈദീക ശ്രേഷ്ഠനായിരുന്നു മാവേലിൽ ഡേവിഡ് കോർ എപ്പിസ്കോപ്പ.
മലങ്കര ഓർത്തഡോക്സ് സിറിയൻ സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി, ഡയറക്ടർ ജനറൽ, പബ്ലിക്കേഷൻ ഓഫീസർ, വൈദിക സെമിനാരി പ്രിൻസിപ്പൽ,മലങ്കര അസോസിയേഷൻ സെക്രട്ടറി, എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.
തുമ്പമൺ എം.ജി.എം മിഡിൽ സ്കൂളിലും കോട്ടയം എം.ഡി. ഹൈസ്കൂളിലും വിദ്യാഭ്യാസം നേടി. തുടർന്ന് കൽക്കട്ട സർവകലാശാലയിൽ ഡിസ്റ്റിംഗ്ഷനോടെ ബി.എയും, സെറാമ്പൂർ കോളേജിൽനിന്ന് ബി.ഡി. ഡിഗ്രിയും നേടി.
1923-ൽ കോട്ടയം എം.ഡി. ഹൈസ്കൂളിൽ അധ്യാപകനായി ചേർന്നു .അദ്ദേഹത്തിന്റെ അധ്യാപകജീവിതത്തിലെ ശ്രദ്ധേയമായ സംഭവങ്ങളിൽ ഒന്നായി, പിൽക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രപതിയായ ഡോ. കെ. ആർ. നാരായണൻ എന്ന മഹാനുഭാവൻ കോട്ടയത്ത് സി.എം.എസ്. കോളേജിൽ പഠിക്കാൻ എത്തിയപ്പോൾ, താമസസൗകര്യങ്ങൾ ഒരുക്കിയതിലൂടെ കോർ എപ്പിസ്കോപ്പയുടെ കരുതലിന്റെയും മാനവികതയുടെയും ഉദാത്ത ഉദാഹരണം പതിഞ്ഞിരിക്കുന്നു. താൻ വാർഡൻ്റെ ചുമതലകൂടി വഹിച്ച കോട്ടയം എംഡി ഹൈസ്കൂൾ ഹോസ്റ്റലിലാണ് വിദ്യാർത്ഥിയായ കെ ആർ നാരായണനെ താമസിപ്പിച്ച് ,അദ്ദേഹം പഠന സൗകര്യം ഒരുക്കി നൽകി പ്രോത്സാഹിപ്പിച്ചത്.
26 വർഷത്തെ അധ്യാപനശേഷം പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിൽ ആറുവർഷം കൂടി അധ്യാപകനായി സേവനം അനുഷ്ഠിച്ചു.

1911-ൽ വട്ടശ്ശേരിൽ തിരുമേനിയിൽ നിന്ന് ശെമ്മാശു പട്ടവും, 1929-ൽ കശ്ശീശ പട്ടവും, 1965-ൽ പരിശുദ്ധ ബസേലിയോസ് ഔഗേൻ കാതോലിക്കാ ബാവയിൽ നിന്ന് കോർ എപ്പിസ്കോപ്പ സ്ഥാനവും സ്വീകരിച്ചു.
അധ്യാപകനും എഴുത്തുകാരനും
വേദാധ്യാപകൻ, മലങ്കര സഭാ ചരിത്രം, സുനഹദോസുകൾ, സൺഡേ സ്കൂൾ പാഠാവലി തുടങ്ങിയ പ്രസിദ്ധഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ രചനകളാണ്.
സൺഡേ സ്കൂൾ പ്രസ്ഥാനത്തിനായി സ്വതന്ത്രമായ പ്രസിദ്ധീകരണ വിഭാഗം രൂപീകരിക്കുകയും ഒരു പ്രിന്റിംഗ് പ്രസ്സ് ആരംഭിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ദൂരദർശിത്വത്തിന്റെ ഉദാഹരണമായിരുന്നു.
അൻപത് വർഷം ചന്ദനപ്പള്ളി വലിയപള്ളിയിലും അങ്ങാടിക്കൽ മാർ ബസേലിയോസ് പള്ളിയിലും കോട്ടയം മാർ ഏലിയാസ് കത്തീഡ്രലിലും ചന്ദനപ്പള്ളി സെൻറ് തോമസ് ഇടവകയിലും വികാരിയായും പ്രവർത്തിച്ചു. അങ്ങാടിക്കൽ നെടുമൺകാവ് പള്ളി സ്ഥാപിക്കുന്നതിലും ചന്ദനപ്പള്ളി ദേശാഭിവർദ്ധിനി വായനശാല സ്ഥാപിക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചു.
പൈതൃക പ്രസിദ്ധീകരണം
മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രസിദ്ധീകരണ വിഭാഗം, പൈതൃകം പരമ്പരയിൽ “ മലങ്കര സഭാ ചരിത്രം ”“ വേദാധ്യാപകൻ ” എന്നീ രണ്ട് കൃതികൾ ഈ ദിവസം പുനഃപ്രസിദ്ധീകരിക്കുന്നു. ചടങ്ങിനോടനുബന്ധിച്ച് സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.



