കൊച്ചി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് അറസ്റ്റിലായതിനു പിന്നാലെ ജാമ്യം ലഭിച്ചതോടെ സമരപ്പന്തലിലെത്തി വീണ്ടും പ്രതിഷേധം ആരംഭിച്ച് കോൺഗ്രസ് നേതാക്കൾ. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മാത്യൂ കുഴൽനാടൻ എം.എൽ.എ എന്നിവരെയാണ് ഇന്നലെ രാത്രി കോതമംഗലത്തെ സമരവേദിയിൽനിന്ന് നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. എന്നാൽ, രാത്രിതന്നെ കോടതി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഇതോടെ വീണ്ടും സമരം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്.
വ്യക്തിപരമായി വേട്ടയാടാനാണ് ശ്രമമെന്നാണ് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ നേതാക്കൾ പ്രതികരിച്ചത്. പോരാട്ടം അവസാനിപ്പിക്കില്ല. പൊലീസ് വേട്ടയെ പ്രതിരോധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
മാത്യു കുഴൽനാടനും ഷിയാസിനും പുറമെ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച മറ്റ് 13 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൃതദേഹത്തോട് അനാദരവ് കാട്ടി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതി രാവിലെ 11 മണിക്ക് വീണ്ടും പരിഗണിക്കും.