ചെങ്ങന്നൂർ : ഭിന്നശേഷിക്കാർക്ക് സൗജന്യ വിദ്യാഭ്യാസവും പരിശീലനവും നൽകി ആശ്വാസമേകുന്ന ലില്ലി ലയൺസ് സ്പെഷൽ സ്കൂളിന് പുതിയ കെട്ടിടം. പുലിയൂരിൽ 14000 ചതുരശ്ര അടിയിൽ നിർമിച്ച ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് 10.30ന് രക്ഷാധികാരി കൂടിയായ മന്ത്രി സജി ചെറിയാൻ നിർവഹി ക്കുമെന്നു ലയൺസ് ഡിസ്ട്രിക്ട് 318 ബി ഗവർണർ ആർ. വെങ്കിടാചലം, വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ്, ലില്ലി ലയൺസ് മാനേജിങ് ട്രസ്റ്റി ജി. വേണു കുമാർ എന്നിവർ പറഞ്ഞു.
പുലിയൂർ നീതിയ ഭവനിൽ കൊട്ടുപ്ലാക്കൽ കുടുംബാംഗങ്ങളായ കുര്യൻ ഏബ്രഹാമും ഭാര്യ മറിയാമ്മ കുര്യനും ദാനമായി നൽകിയ 60 സെന്റ് ഭൂമിയിലാണ് പുതിയ കെട്ടിടം നിർമിച്ചത്. അഞ്ച് കോടി രൂപ ചെലവിൽ ലയൺസ് എജ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ‌് പല അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയും ലയൺസ് ക്ലബ് ഇന്റർനാഷനൽ ഫൗണ്ടേഷൻ (എൽസിഐഎഫ്) ഗ്രാന്റ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ പദ്ധതികളിലൂടെയുമായിരുന്നു നിർമാണം.
ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഫൗണ്ടേഷന്റെ ഗ്രാന്റ് ഉപയോഗിച്ച് ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആവശ്യമായ രാജ്യാന്തര നിലവാരത്തിലുള്ള വിവിധ തെറപ്പി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ, ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ സജ്‌ജീകരിച്ച ഡിജിറ്റൽ ക്ലാസ്‌റും, കംപ്യൂട്ടർ ലാബ്, 40 കെവി ജനറേറ്റർ, 13പേർക്ക് ഉപയോഗിക്കാവുന്ന ലിഫ്റ്റ്, സിസിടി വി സംവിധാനം, ഓഡിയോ വി ഷ്വൽ സിംസ് എന്നീ സൗകര്യങ്ങൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.