തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നുവെന്ന രീതിയില്‍ പ്രചരിച്ച ശബ്ദസന്ദേശത്തിന്റെ വസ്തുത തേടാന്‍ ബാലാവകാശ കമ്മീഷന്‍. പൊലീസിനോടാകും ബാലാവകാശ കമ്മീഷന്‍ വസ്തുത തേടുക. സന്ദേശത്തിന്റെ ആധികാരികത അടക്കം ബാലാവകാശ കമ്മീഷന്‍ വിശദമായി പരിശോധിക്കും. ആരോപണം ഉയര്‍ത്തിയ യുവതി ആര്? ഭ്രൂണഹത്യയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രേരിപ്പിച്ചോ? ഭ്രൂണഹത്യ നടന്നോ എന്നതടക്കമുള്ള കാര്യങ്ങളും ബാലാവകാശ കമ്മീഷന്‍ വിശദമായി പരിശോധിക്കും. ശബ്ദ സന്ദേശത്തിന്റെ വസ്തുത സംബന്ധിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ സബ്ദസന്ദേശം പ്രചരിക്കുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ ജോസഫായിരുന്നു ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്. പ്രചരിക്കുന്ന ശബ്ദസന്ദേശം കേസെടുക്കാന്‍ പര്യാപ്തമുള്ളതാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ തുടര്‍നടപടിയാണ് ബാലാവകാശ കമ്മീഷന്‍ കെ വി മനോജ് കുമാര്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി ഇതുവരെ പരാതി നല്‍കിയിട്ടില്ല. യുവതി പരാതി നല്‍കുന്ന പക്ഷം കേസെടുക്കാനാണ് തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കേസെടുക്കുന്ന നടപടിയിലേക്ക് കടന്നിട്ടില്ല. നിയമോപദേശം തേടിയ ശേഷം തുടര്‍നടപടി മതിയെന്നാണ് നിലവിലെ തീരുമാനം.



