കൊച്ചി : കെഎസ്ഇബിയ്‌ക്ക് വൈദ്യുതി നൽകാൻ ടാറ്റ ഗ്രൂപ്പ് കമ്പനിയും . രാജ്യത്ത് സ്വകാര്യ മേഖലയിലെ വമ്പൻ ഊർജോത്പാദക കമ്പനിയായ ടാറ്റ പവറിന്റെ ഉപകമ്പനിയാണ്, കെഎസ്ഇബിയുമായി പുതിയ കരാറിലെത്തിയത്. ടാറ്റ പവറിന്റെ ഉപവിഭാഗവും പുനരുപയോഗ ഊർജ മേഖലയിലെ മുൻനിര കമ്പനികളിലൊന്നുമായ, ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡാണ് കേരളത്തിന് വൈദ്യുതി നൽകാനുള്ള കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
രാജസ്ഥാനിലെ ബിക്കാനീറിൽ കഴിഞ്ഞ ദിവസം കമ്മീഷൻ ചെയ്ത 110 മെഗാവാട്ടിന്റെ സോളാർ പദ്ധതിയിൽ നിന്നാണ് കെഎസ്ഇബിക്ക് വൈദ്യുതി നൽകുന്നത്. പൂർണമായും സൗരോർജം പ്രയോജനപ്പെടുത്തി, 211 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്, ടിപിആർഇഎല്ലിന്റെ കീഴിലുള്ള ബിക്കാനീറിലെ പദ്ധതിയിൽ നിന്നും ഉത്പാദിപ്പിക്കുന്നത്. ഇതിലൂടെ പ്രതിവർഷം 2,58,257 മെട്രിക് ടൺ ഹരിതഗൃഹ വാതകങ്ങൾ കുറയ്‌ക്കാനാകും എന്നാണ് ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ പ്രതീക്ഷ.