കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ മത്സരിക്കുന്ന ഒരു സീറ്റിന് പുറമേ ഒരു സീറ്റ് കൂടി വേണമെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ഇടതു ചേരിയില്‍ എത്തിയ ശേഷമുള്ള ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പിനാണ് കേരള കോണ്‍ഗ്രസ് എം തയ്യാറെടുക്കുന്നത്.
കോട്ടയം ലോക്‌സഭ മണ്ഡലത്തിലാണ് യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇടതുമുന്നണിയിലേക്ക് എത്തിയപ്പോള്‍ ഈ സീറ്റ് അനുവദിക്കുമെന്നുറപ്പാണ്. ഈ സീറ്റ് കൂടാതെ ഒരു സീറ്റ് കൂടി ആവശ്യപ്പെടാനാണ് തീരുമാനം.
ഇക്കാര്യം ഇടതുമുന്നണി നേതൃത്വത്തോട് ആവശ്യപ്പെടാൻ പാർട്ടി ചെയർമാൻ ജോസ് കെ മാണിയെ പാർട്ടി ഉന്നതാധികാര സമിതി ചുമതലപ്പെടുത്തി. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിൻ്റെ വോട്ടുകൾ ചോർന്നെന്ന സി പി ഐ യുടെ ആരോപണത്തെ ഉന്നതാധികാര സമിതി തള്ളി. മത്സ്യബന്ധനാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്ന കടലവകാശ നിയമം നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വനാവകാശ നിയമത്തിൻ്റെ മാതൃകയിലാണ് നിയമം വേണ്ടതെന്നും ഈ ആവശ്യമുന്നയിച്ച് തിരുവനന്തപുരത്ത് പ്രക്ഷോഭം സംഘടിപ്പിക്കാനും ഉന്നതാധികാര സമിതി തീരുമാനിച്ചു.
പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര മണ്ഡലങ്ങളാണ് ഇടതുമുന്നണിയോട് ആവശ്യപ്പെടുക. പത്തനംതിട്ടയ്ക്കും ഇടുക്കിയ്ക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നത്. അവസാന ഘട്ടത്തില്‍ ചാലക്കുടി, വടകര മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒരു മണ്ഡലം നല്‍കിയാലും മത്സരിക്കാനാണ് കേരള കോണ്‍ഗ്രസ് എം ആലോചിക്കുന്നത്.
അധിക സീറ്റിനെ കുറിച്ച് അനൗദ്യോഗികമായി ഇടതു മുന്നണി നേതാക്കളോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെങ്കിലും മറുപടിയൊന്നും ഉണ്ടായിട്ടില്ല. അതിനാല്‍ സീറ്റിനായി സമ്മര്‍ദ്ദം ചെലുത്താനും ഔദ്യോഗികമായി മുന്നണിയില്‍ ആവശ്യം ഉന്നയിക്കാനും പതിനെട്ട് അംഗങ്ങളുള്ള ഉന്നതാധികാര സമിതി തീരുമാനിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ ഇടതു മുന്നണിക്ക് ലഭിച്ചില്ലെന്ന ആക്ഷേപം സിപിഐ ഉയര്‍ത്തിയിരുന്നു. ജോസ് കെ മാണി ചെയര്‍മാനായ ശേഷം പാര്‍ട്ടി ഘടനയെ കേഡര്‍ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. ഇതേക്കുറിച്ചും പാര്‍ട്ടി ഫണ്ട് ശേഖരണവും യോഗത്തില്‍ വിലയിരുത്തും. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട കത്തും വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലുണ്ടായ സമകാലിക വിഷയങ്ങളും സമിതി ചര്‍ച്ച ചെയ്യും.