ന്യൂഡൽഹി : അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്തിലെ അഡീഷനൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കും. വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചാൽ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. എന്നാൽ, കേസിന്റെ തീർപ്പ് നീളാനാണു സാധ്യതയെന്നതിനാൽ അയോഗ്യത നീങ്ങിക്കിട്ടാൻ രാഹുലിനു കുറഞ്ഞപക്ഷം വിധിക്കു സ്റ്റേ എങ്കിലും ആവശ്യമാണ്.
ശിക്ഷയും വിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു രാഹുൽ നൽകിയ അപ്പീൽ തള്ളണമെന്ന് ബിജെപി എംഎൽഎയും കേസിലെ പരാതിക്കാരനുമായ പൂർണേശ് മോദി മറുപടി ഫയൽ ചെയ്തിരുന്നു. ദേശീയ നേതാക്കളുമായി പരേഡ് നടത്തി കോടതിയെ സമ്മർദത്തിലാക്കാനാണു രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നാണ് പൂർണേശ് മോദി ആരോപിച്ചത്.
അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെ പട്ന കോടതിയിൽ നിലനിൽക്കുന്ന കേസ് 25നു പരിഗണിക്കാനായി മാറ്റി. സൂറത്ത് കോടതി ഉത്തരവിനെ തുടർന്ന് അയോഗ്യത നടപടിയിലേക്കു നയിച്ച അതേ പരാമർശത്തിന്റെ പേരിലാണ് പട്നയിലും കേസുള്ളത്.