തിരുവനന്തപുരം: മത്സരം ഒഴിവാക്കിയവർ കാണിച്ചത് വിവരക്കേടാണെന്നും കളി കാണാത്തവർക്ക് വലിയ നഷ്ടമാണുണ്ടായതെന്നും കോൺഗ്രസ് എംപി ശശി തരൂർ. കായിക മന്ത്രിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും കാണികളുടെ പങ്കാളിത്തവുമായി ഒരു ബന്ധവുമില്ല. കാണികൾ കുറഞ്ഞാൽ ഇനി മുതൽ ബിസിസിഐ തിരുവനന്തപുരത്തേക്ക് മത്സരങ്ങൾ അനുവദിക്കേണ്ടെന്ന നിലപാടല്ലേ കൈക്കൊള്ളൂ. മന്ത്രിയെന്ത് പറഞ്ഞാലും ക്രിക്കറ്റ് പ്രേമികൾ മത്സരം കാണാനെത്തണമായിരുന്നു. ഈ നഷ്ടം ശെരിക്കും മന്ത്രിക്കല്ലെന്ന് മനസിലാക്കണം, ക്രിക്കറ്റ് പ്രേമികൾക്ക് മാത്രമാണ് നഷ് ടം സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പുരോഗമിക്കവേ കാണികൾ കുറവായതിനെപ്പറ്റി ട്വീറ്റുമായി മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് രംഗത്തെത്തി. മത്സരത്തിൽ സെഞ്ചുറി നേടിയ വിരാട് കോലിയെയും ശുഗ്മാൻ ഗില്ലിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് യുവരാജ് സിംഗ് കാണികൾ കുറഞ്ഞതിനെപ്പറ്റി പരാമർശിച്ചത്. പകുതി ഒഴിഞ്ഞ ഗ്രീൻഫീൽഡ് സ്റ്റേഡിയം, ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ?- എന്നാണ് യുവരാജ് ട്വീറ്റ് ചെയ്തത്.