രണ്ടു വർഷങ്ങൾക്ക് ശേഷം രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള വിലക്ക് പിൻവലിച്ച് ട്വിറ്റർ. വരും ആഴ്ചകളിൽ പെർമിറ്റ് വിപുലീകരിക്കാനാണ് തീരുമാനം. പൊതുവിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പരസ്യങ്ങൾ വീണ്ടും തുടങ്ങാൻ പദ്ധതിയിട്ടതെന്ന് ട്വിറ്റർ അറിയിച്ചു.
2019ലാണ് ട്വിറ്റർ രാഷ്ട്രീയ പരസ്യങ്ങൾ നിരോധിച്ചത്. രാഷ്ട്രീയ പരസ്യങ്ങൾക്കു പുറമെ ചില സാമൂഹ്യ പരസ്യങ്ങളും നിരോധിച്ചിരുന്നു. രാഷ്ട്രീയ പരസ്യങ്ങൾ പണം കൊടുത്തു വാങ്ങേണ്ടതല്ല എന്നായിരുന്നു അന്നത്തെ ട്വിറ്റർ സിഇഒ ആയിരുന്ന ജാക്ക് ഡോർസി പറഞ്ഞത്.
എന്നാൽ നിലവിലെ സിഇഓയായ ഇലോൺ മസ്‌കിന്റെ നിലപാട് നേർവിപരീതമാണ്. ട്വിറ്റർ സ്വതന്ത്രമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള ഒരു പ്ലാറ്റ്‌ഫോമാണെന്നാണ് മസ്‌കിന്റെ അഭിപ്രായം. ട്രംപിനെതിരെ വിലക്ക് നീക്കിയത് ഇതിന്റെ ഭാഗമായായിരുന്നു. ഇത്തരം കാര്യങ്ങളിലൂടെ മാത്രമേ കമ്പനി നഷ്ടംവരാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നാണ് മസ്‌കിന്റെ ഭാഷ്യം. ചെലവ് കുറക്കാനായി 50 ശതമാനം ജീവനക്കാരെ മസ്‌ക് ഇതിനോടകം പിരിച്ചുവിട്ടു. 7500-ഓളം ജീവനക്കാരിൽ നിന്ന് 2500-ഓളം ജീവനക്കാരായി ചുരുങ്ങി എന്നാണ് റിപ്പോർട്ട്.