തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ വിമൻസ് ഫോറം വനിതാ ദിനം ആഘോഷിച്ചു. വിമൻസ് ഫോറത്തിന്റെ വനിതാ ദിനാഘോഷം വിവിധ കലാപരിപാടികളോട് കൂടി സൂം പ്ലാറ്റ്ഫോമിൽ ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ നടന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സിവിൾ എക്സൈസ് ഓഫീസർ അബ്ദുൾ ബാസിത് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. ലഹരിയുടെ ഭവിഷ്യത്തുക്കൾ നമ്മുടെ യുവതലമുറകളിൽ വരുത്തി വയ്ക്കുന്ന വിപത്തുകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പുതിയ തലമുറയെ വഴിതെറ്റിക്കാൻ മയക്കുമരുന്നു മാഫിയാ സംഘങ്ങൾ വലവിരിച്ചു കാത്തുനിൽക്കുകയാണ്. കഴിഞ്ഞ ഒന്ന് – രണ്ടു വർഷങ്ങളായി മയക്കു മരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നവരുടെ പ്രായം 21 വയസ്സിനു താഴെയുള്ളവരാണെന്നുള്ളത് വളരെ ഉൽക്കണ്ഠയുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മായിക ലോകത്തേക്കുള്ള വാതായനങ്ങള്‍ മലര്‍ക്കെ തുറന്നു കിടക്കുന്നു. ഒരു കാലത്ത് നല്ല സൗഹൃദങ്ങളുടെയും സര്‍ഗ്ഗവാസനകളുടെയും ആഹ്‌ളാദത്തിന്റെയും അഭിമാനത്തിന്റെയും, എക്കാലവും ഓര്‍ക്കാവുന്ന സൃഷ്ടിപരമായ ദിനങ്ങളായിരുന്നു സ്‌കൂള്‍ പഠന കാലം സമ്മാനിച്ചിരുന്നതെങ്കില്‍ ഇന്ന് കഥയാകെ മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളിലും കൗമാരക്കാരിലും കൂടിവരുന്ന മാനസികപ്രശ്നങ്ങളും ആത്മഹത്യാപ്രവണതയുമൊക്കെ ലഹരിവസ്തുക്കളുടെ ദുരുപയോഗവുമായി ചേർത്തു വായിക്കേണ്ട വിഷയങ്ങൾ തന്നെയാണ്.
ലഹരി ഉപയോക്താക്കളുടെയും, വാഹകരുടെയും ഇടയിലെ ആണ്‍ – പെണ്‍ വ്യത്യാസം നേര്‍ത്തില്ലാതായിരിക്കുന്നു എന്ന ഭീതിദ യാഥാര്‍ത്ഥ്യം കാണാതെ പോകാന്‍ കഴിയില്ല. ലഹരിക്ക് അടിമപ്പെട്ടു പോകുന്നവരെ വെറുക്കുന്നതിന് പകരം അവരെ അതിലേക്ക് നയിച്ച സാഹചര്യത്തെ കണ്ടെത്തുകയും തിരുത്തുകയും ചെയ്യുകയാണ് വേണ്ടത്. മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ ഇത്തരത്തിലുള്ള വൈകാരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ എന്ന് അബ്ദുൾ ബാസിത് പറഞ്ഞു.
ഇന്ത്യൻ പോലീസ് സർവീസിലെ പ്രശസ്ത ഉദ്യോഗസ്ഥയും നിരവധി അവാർഡ് ജേതാവും നിലവിൽ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, ഹോം ഗാർഡ് & സിവിൽ ഡിഫൻസ് ഡയറക്ടർ ജനറലായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർ ബി. സന്ധ്യ മുഖ്യ അതിഥി ആയിരുന്നു.
കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി വാസനയെക്കുറിച്ചും അവരെ അതിൽ നിന്ന് തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ചും ആധികാരികമായി സംസാരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികൾക്ക് കൗണ്‍സലിങ് സംവിധാനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനായി അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്ക് പരിശീലനം നല്കുന്നതിനെക്കുറിച്ചും ഡി-അഡിക്ഷന്‍ സംവിധാനങ്ങള്‍ കൂടുതൽ ഫലപ്രദമാക്കുന്നതിനെക്കുറിച്ചും പറഞ്ഞു.
കുട്ടികള്‍ക്ക് ഒറ്റപ്പെടല്‍ തോന്നുന്നതും സ്‌നേഹവും അംഗീകാരവും ലഭിക്കാത്ത സ്ഥിതിയും പലപ്പോഴും കുട്ടികളെ ലഹരിമരുന്നിന് അടിമയാക്കുന്നുണ്ട്. കുട്ടിക്കാലത്ത് പ്രകടമാകുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, മുതിരുമ്പോൾ ശ്രദ്ധക്കുറവും മുൻപിൻ ആലോചിക്കാത്ത പ്രകൃതവും ലഹരി ഉപയോഗത്തിലേക്ക് പുരോഗമിക്കാം. കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത, പഠനത്തിൽ ഉഴപ്പ്, സ്കൂൾ/കോളേജ് ക്ലാസുകളോടുള്ള താൽപ്പര്യക്കുറവ് തുടങ്ങിയവയെല്ലാം അനന്തരഫലങ്ങൾ. ലഹരി വസ്തുക്കളോട് “നോ” പറയാനുള്ള ആത്മധൈര്യക്കുറവും കൂട്ടുകെട്ടിലൂടെയുള്ള ലഹരിയുടെ ഉപയോഗവും കുറ്റകൃത്യങ്ങളുടെ അഴുക്കുചാലിലേക്കുമാകും എത്തിക്കുക. പഠനവും കഴിവുകളും കുടുംബ ബന്ധങ്ങളും പിന്നാമ്പുറമാകാൻ പിന്നെ അധികം നേരമൊന്നും വേണ്ട. കുട്ടികൾ കുടുംബത്തിന് പുറത്തേക്ക് വളരുമ്പോൾ പലപ്പോഴും ലഹരിയുടെ തെറ്റായ വഴികളും അവർക്കു മുന്നിൽ തെളിയാം. പ്രത്യേകിച്ച് കെണിയിൽ വീഴ്‌ത്താൻ മയക്കുമരുന്നു ലഹരിസംഘങ്ങൾ തക്കംപാർത്തുനിൽക്കുമ്പോൾ. വേൾഡ് മലയാളീ കൌൺസിൽ പോലുള്ള ആഗോള സംഘടനകൾക്ക് ഇങ്ങനെയുള്ള സെമിനാറുകൾ സങ്കടിപ്പിക്കുന്നതിനോടൊപ്പം ഈ കാര്യങ്ങളിൽ മുഖ്യ പങ്ക് വഹിക്കാൻ സാധിക്കട്ടെ എന്ന് ബി.സന്ധ്യ ആശംസിച്ചു.
ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ടി.പി. വിജയൻ, സെക്രട്ടറി ജനറൽ ദിനേഷ് നായർ, ഡോക്ടർ സൂസൻ ജോസഫ്, ബേബി മാത്യു സോമതീരം, രാജേശ്വരി നായർ, മോളി സ്റ്റാൻലി, രാമചന്ദ്രൻ പേരാമ്പ്ര, ലളിത രാമചന്ദ്രൻ, ഡോക്ടർ വിജയകുമാരി, ജോസ് കോലാത്ത്, ഡോക്ടർ ഡെലോണി മാനുവൽ, എ. എം. രാജൻ, അഡ്വ. വിജയചന്ദ്രൻ, അഭിഷേക് രമേഷ് എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.
തുടർന്ന് വിവിധ പ്രോവിൻസുകളിലെ അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ വനിതാ ദിന ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. ഇന്ത്യ റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ഗീത രമേശ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ലിനു തോമസ് (ഗോവ പ്രോവിൻസ്) നന്ദി പ്രകാശിപ്പിച്ചു.
മാസ്റ്റർ ഓഫ് സെറിമണി ഫാബി ഷാഹുൽ ഗോവ പ്രോവിൻസ് നിർവ്വഹിച്ചു. ബേബി മാത്യു സോമതീരം, ഗ്ലോബൽ വൈസ് പ്രസിഡന്റ് – ഓർഗനൈസേഷൻ ഡെവലൊപ്മെന്റ്, സജി തോമസ്, ജനറൽ സെക്രട്ടറി ഡൽഹി പ്രോവിൻസ്, ഷാഹുൽ ഹമീദ് ഗോവ പ്രോവിൻസ് എന്നിവർ സാങ്കേതിക സഹായങ്ങൾ നൽകി.