ദോഹ: കഴിഞ്ഞ വര്‍ഷത്തെ പ്രകൃതി വാതക കയറ്റുമതിയില്‍ ഖത്തറും അമേരിക്കയും മുന്നില്‍. 81.2 മില്യണ്‍ ടണ്‍ എല്‍.എന്‍.ജി വീതമാണ് ഇരുരാജ്യങ്ങളും കയറ്റുമതി ചെയ്തത്. യുക്രൈന്‍ യുദ്ധമാണ് കയറ്റുമതി കൂടാന്‍ കാരണം.
2021ല്‍ ഖത്തറിനെ മറികടന്ന് അമേരിക്ക ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി രാജ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഖത്തര്‍ ഇക്കാര്യത്തില്‍ അമേരിക്കയ്ക്കൊപ്പം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. യുക്രൈന്‍ പ്രതിസന്ധിയാണ് ഇരുരാജ്യങ്ങളുടെയും കയറ്റുമതി കൂടാന്‍ കാരണം. യൂറോപ്പിന് ആവശ്യമായ 40 ശതമാനം ദ്രവീകൃത പ്രകൃതി വാതകം റഷ്യയാണ് നല്‍കിക്കൊണ്ടിരുന്നത്.
ഇതില്‍ മൂന്നിലൊന്ന് യുക്രൈന്‍ വഴിയായിരുന്നു നല്‍കിയിരുന്നത്. യുദ്ധം മൂലം ഇത് നിലച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതലായി ആശ്രയിച്ചത് ഖത്തറിനെയാണ്. ഇതേ സമയം തന്നെ തീപിടിത്തം മൂലം ടെക്സാസ് പ്ലാന്റില്‍ നിന്നും ഉല്‍പാദനം നിലച്ചത് അമേരിക്കയ്ക്ക് തിരിച്ചടിയാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ ഓയില്‍ – ഗ്യാസ് മേഖലയില്‍ നിന്ന് ഖത്തറിന് 76.3 ബില്യണ്‍ ഖത്തര്‍ റിയാല്‍ വരുമാനം ലഭിച്ചതായാണ് കണക്ക്.
നോര്‍ത്ത് ഫീല്‍ഡ് പദ്ധതി വികസനം പൂര്‍ത്തിയാകുന്നതോടെ ദ്രവീകൃത പ്രകൃതി വാതക ഉല്‍പ്പാദനത്തില്‍ ഖത്തറിന് ആഗോള തലത്തില്‍ സ്ഥിരമായി ഒന്നാം സ്ഥാനം ഉറപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്, 2027 ഓടെപ്രതിവര്‍ഷം 126 മില്യണ്‍ ടണ്‍ ഉല്‍പാദനമാണ് പ്രതീക്ഷിക്കുന്നത്.