ഫ്രാൻസിൽ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തം. പാരിസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവള ടെർമിനലിലേക്കുള്ള പ്രവേശനം സമരക്കാർ തടസപ്പെടുത്തി. ട്രെയിൻ സർവിസുകളും തടസപ്പെട്ടു. ചില സ്കൂളുകൾ അടച്ചു. റോഡ് തടസപ്പെടുത്തി കൂട്ടിയിട്ട മാലിന്യം കത്തിച്ച് തീയും പുകയും ഉയർന്നു. വൈദ്യുതി ഉൽപാദനം വെട്ടിക്കുറച്ചു. രാജ്യത്തുടനീളം പ്രതിഷേധറാലികൾ നടന്നു.
പെൻഷൻ പ്രായം 62ൽനിന്ന് 64 ആയി ഉയർത്താൻ പാർലമെന്റിൽ വോട്ടെടുപ്പ് നടത്താതെ കൊണ്ടുവന്ന നിയമം വർഷാവസാനത്തോടെ പ്രാബല്യത്തിലാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്.
ജനുവരി മുതൽ സമാധാനപരമായ പ്രതിഷേധം നടക്കുന്നുണ്ട്. ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. എന്നാൽ ശക്തമായ പ്രക്ഷോഭം നടക്കുന്നത് അംഗീകരിച്ച സർക്കാർ തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്.