Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതയ്‌വാൻ പ്രസി‍ഡന്റിന്റെ യുഎസ് സന്ദർശനത്തിന് മറുപടി; തയ്‌വാൻ സമുദ്രാതിർത്തി ലംഘിച്ച് ചൈനീസ് പോർവിമാനങ്ങൾ

തയ്‌വാൻ പ്രസി‍ഡന്റിന്റെ യുഎസ് സന്ദർശനത്തിന് മറുപടി; തയ്‌വാൻ സമുദ്രാതിർത്തി ലംഘിച്ച് ചൈനീസ് പോർവിമാനങ്ങൾ

തായ്പെയ് : യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ കെവിൻ മക്കർത്തിയുമായി തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്‌വെൻ കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെ തയ്‌വാൻ കടലിടുക്കിൽ ചൈന സൈനികാഭ്യാസം നടത്തി. ചൈനയുടെ 71 പോർവിമാനങ്ങൾ തയ്‌വാനുമായുള്ള സമുദ്രാതിർത്തി ലംഘിച്ചു. തയ്‌വാനെ വളഞ്ഞ് ആയുധാഭ്യാസവുമായി 9 ചൈനീസ് പടക്കപ്പലുകളും നിരന്നു. 
ബുധനാഴ്ച ലൊസാഞ്ചലസിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം സായ് തയ്‌വാനിൽ തിരിച്ചെത്തിയതിനു പിന്നാലെയാണു 3 ദിവസത്തെ സൈനികാഭ്യാസം ചൈന പ്രഖ്യാപിച്ചത്. തയ്‌വാൻ ചൈനയുടെ ഭാഗമാണെന്നാണ് അവരുടെ അവകാശവാദം. ഇത് അംഗീകരിക്കാത്ത തയ്‌വാനിലെ ജനാധിപത്യസർക്കാർ യുഎസ് പക്ഷത്തേക്കു ചായുന്നതാണു സംഘർഷം രൂക്ഷമാക്കുന്നത്. തയ്‌വാന് അമേരിക്ക ആയുധങ്ങൾ നൽകുന്നതും ചൈനയെ പ്രകോപിപ്പിക്കുന്നു. 

യുഎസ് സന്ദർശനം നടത്തിയാൽ പ്രത്യാഘാതമുണ്ടാകുമെന്നു ചൈന മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ അന്നത്തെ യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്പെയ് സന്ദർശിച്ചപ്പോൾ തയ്‌വാൻ കടലിലേക്കു മിസൈലുകൾ തൊടുത്താണു ചൈന രോഷം പ്രകടിപ്പിച്ചത്. സംഭവങ്ങൾ നിരീക്ഷിക്കുകയാണെന്നു തയ്‌വാൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. 

യുക്രെയ്ൻ സമാധാനനീക്കങ്ങളുടെ ഭാഗമായി ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ബെയ്ജിങ് വിട്ടതിനു പിന്നാലെയാണു തയ്‌വാൻ തീരത്തു ചൈനയുടെ ശക്തിപ്രകടനം. ഈ ആഴ്ച യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൻ ഡേർ ലെയെനും ചൈന സന്ദർശിക്കും. 

തെക്കുകിഴക്കു ചൈനയുടെ തീരത്തുനിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയാണു തയ്‌വാൻ ദ്വീപ്. തയ്‌വാൻ നിയന്ത്രണത്തിലായാൽ പശ്ചിമ പസിഫിക് മേഖലയിൽ ചൈനയ്ക്കു തന്ത്രപരമായ മേധാവിത്വം ലഭിക്കും. 

തയ്‍വാൻ: ചൈനയുടെ കണ്ണിലെ കരട്

17–ാം നൂറ്റാണ്ടു മുതൽ ചൈനീസ് ഭരണത്തിനു കീഴിലായിരുന്ന തയ്‌വാൻ 19–ാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ജപ്പാൻ കയ്യടക്കി. 1945 ൽ ചൈന തിരിച്ചുപിടിച്ചു. മാവോ സെതുങ്ങിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടി 1949 ൽ ചൈനയിൽ അധികാരം പിടിച്ചതോടെ അതുവരെ രാജ്യം ഭരിച്ചിരുന്ന ചിയാൻ കൈഷക്കും അനുയായികളും തയ്‌വാനിലേക്ക് പലായനം ചെയ്യുകയും അവിടം ആസ്ഥാനമാക്കി ഭരണം തുടരുകയും ചെയ്തു. ചിയാൻ കൈഷക്കിന്റെ കുമിന്താങ് (കെഎംടി) കക്ഷിയാണു തുടർന്നുള്ള ദശകങ്ങളിൽ തയ്‌വാൻ ഭരിച്ചത്. 
സ്വയംഭരണാവകാശമുണ്ടെങ്കിലും 13 രാജ്യങ്ങൾ മാത്രമാണ് തയ്‌വാനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ചിട്ടുള്ളത്. വിഘടിതപ്രവിശ്യയായ തയ്‌വാനെ കൂട്ടിച്ചേർക്കുകയെന്നതു ചൈനയുടെ പ്രഖ്യാപിതനയമാണ്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments