പി പി ചെറിയാൻ
ഫിലഡൽഫിയ: പുതിയ നിയമത്തിന്റെ കാതൽ സ്ത്രീകളുടെ മിഷണറി ചൈതന്യത്തിൽ അധിഷ്ഠിതമാണെന്നും, ചരിത്രത്തിലെ ആദ്യ മിഷണറി ഒരു വനിതയായിരുന്നുവെന്നും ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ. എബ്രഹാം മാർ പൗലോസ് പറഞ്ഞു . മാർത്തോമ്മാ സുറിയാനി സേവികാ സംഘത്തിന്റെ ഒക്ടോബര് 1 മുതൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന 22-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിരുമേനി.

കർത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് പുലർച്ചെ സാക്ഷ്യം വഹിക്കാനും ശവകുടീരക്കരയിൽ ധൈര്യത്തോടെ കാത്തുനിൽക്കാനും ഒരു സ്ത്രീ മാത്രമാണ് തയ്യാറായത്. ശിഷ്യന്മാർ പോലും മടങ്ങിപ്പോയപ്പോൾ തനിച്ചായിരുന്ന ആ സ്ത്രീയാണ് ലോകത്തിന് പുനരുത്ഥാനത്തിന്റെ ആദ്യ സന്ദേശം നൽകിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആദ്യ ഈസ്റ്റർ രാവിലത്തെ ആ കൂടിക്കാഴ്ചയിലൂടെയാണ് ക്രിസ്തീയ മിഷൻ ആരംഭിച്ചതെന്നും, അതിന്റെ പ്രഥമ വാഹക സ്ത്രീയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ നൂറ്റാണ്ടിലധികമായി മാർത്തോമ്മാ സുറിയാനി സേവികാ സംഘം ഈ സന്ദേശം ലോകമെമ്പാടും എത്തിക്കുന്നതിൽ മാതൃകാപരമായ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു
“ക്രിസ്തുവിൽ വേരുറച്ചവരും മിഷനിലൂടെ നയിക്കപ്പെടുന്നവരും” (Women rooted in Christ and routed through mission) എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ മുഖ്യ പ്രമേയം.

ദൈവനാമ മഹത്വത്തിനായി 22-ാമത് മാർത്തോമ്മാ സുറിയാനി സേവികാ സംഘം സമ്മേളനം ഔദ്യോഗികമായി ആരംഭിച്ചതായി തിരുമേനി പ്രഖ്യാപിച്ചു.കുടുംബങ്ങളിലും സമൂഹങ്ങളിലും ഈ സ്നേഹത്തിന്റെയും പുനരുത്ഥാനത്തിന്റെയും സന്ദേശം എത്തിക്കാൻ എല്ലാ അമ്മമാരും സഹോദരിമാരും തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആതിഥേയ സംഘാടകർക്കും പങ്കെടുത്ത മുഴുവൻ പേർക്കും തിരുമേനി നന്ദി അറിയിച്ചു
ഫിലഡൽഫിയ ക്രിസ്തോസ് മാർത്തോമാ ഇടവകയാണ് സേവികാ സംഘം22-ാമത് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്


Leave a Comment
Your comment will be visible after admin approval.