നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ബെസ്റ്റ് പാരിഷ് അവാര്‍ഡ് ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിക്ക്

Global Indian Writer · June 10, 2026 · 1 min read · 0 Comments · 0 Shares

അലൻ ചെന്നിത്തല

മിഷിഗൺ: മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും മികച്ച ഇടവകക്കുള്ള ബെസ്ററ് പാരിഷ് അവാർഡ് സുവർണ്ണ ജൂബിലി ആഘോഷിക്കാൻ പോകുന്ന ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ചിനു ലഭിച്ചു. ഇടവക ജനങ്ങളുടെ ആത്മീയ പരിപോഷണത്തിനായ് ആരാധനയിലൂടെയും വചന പഠനത്തിലൂടെയും ഇടവക തലത്തിൽ നടത്തപ്പെട്ട പരുപാടികൾ, സാമൂഹ്യ നന്മക്കായി നടപ്പാക്കിയ ജീവ കാരുണ്യ പദ്ധതികൾ, സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയും ഒപ്പം ജനങ്ങളുടെ പങ്കാളിത്തത്തോടെ വ്യത്യസ്തമായ പ്രോഗ്രാമുകൾ നടപ്പാക്കാൻ പാരിഷ് ഭാരവാഹികൾ നൽകിയ മികച്ച നേതൃത്വം, ഭദ്രാസന പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവ പരിഗണിച്ചാണ് ഈ അവാർഡ്.

ഭദ്രാസന അസംബ്ലി സമ്മേളനത്തിൽ വെച്ച് ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പായിൽ നിന്നും ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. ജോബിൻ ജോസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ബോബൻ ജോർജ്, ഷോൺ തോമസ്, യൂത്ത് ഫെലോഷിപ്പ് ഭദ്രാസന സെക്രട്ടറിയും അസംബ്ലി അംഗവുമായ ഇവാഞ്ചലിൻ ജോൺ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

അതേതുടർന്ന് ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിലെ ആരാധനക്ക് ശേഷം വികാരി റവ. ജോബിൻ ജോസിൽ നിന്നും ഇടവക ഭാരവാഹികൾക്കു വേണ്ടി സെക്രട്ടറി വിനോദ് തോമസ്, ലെയ്‌ലീഡർ വർഗീസ് എബ്രഹാം, അക്കൗണ്ട് ട്രസ്റ്റി ബോബൻ ജോർജ് എന്നിവർ അവാർഡ് സ്വീകരിച്ചു. അര നൂറ്റാണ്ട് പിന്നിടുന്ന ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന് മികച്ച പിൻതുണയും നേതൃത്വവും നൽകുന്ന ഇടവകയാണ്.

2026-2029 വർഷത്തേക്കുള്ള ഭദ്രാസന കൗൺസിൽ തിരഞ്ഞെടുപ്പിൽ ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക അംഗമായ ഷോൺ തോമസ് നോർത്ത് അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരുപാടികളാണ് ക്രമീകരിക്കുന്നത് എന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.