ചങ്ങനാശ്ശേരി: തനിക്കെതിരേ മുൻമന്ത്രിയും എൻഎസ്എസ് മുൻഡയറക്ടർ ബോർഡ് അംഗവുമായ കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഗണേഷ് കുമാറിന് മറുപടിയില്ലെന്ന് അദ്ദേഹം ചങ്ങനാശ്ശേരിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ജനാധിപത്യം ഇല്ലാത്തിടത്ത് അതിനെതിരേ ആക്ഷേപം ഉള്ളവർക്ക് കേസ് കൊടുക്കാം. അവർ കൊടുക്കട്ടേ. അയാൾ പറയുന്നതിന് മറുപടി പറയാൻ ഞാനില്ല. അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനെ കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങൾ പറഞ്ഞിട്ടില്ലേ, സുകുമാരൻ നായർ ആരാഞ്ഞു. ‘എൻഎസ്എസ് ജനറൽ സെക്രട്ടറിയും എൻഎസ്എസിനെയും സ്നേഹിച്ച് വേണം നീ ജീവിക്കാൻ എന്ന് അച്ഛൻ ഉപദേശം തന്നിട്ടുണ്ട്. ഞാൻ അത് അനുസരിച്ച് ചെയ്യും എന്ന് പറഞ്ഞിട്ട് എത്ര ദിവസമായി. ഈയിടെ പറഞ്ഞതല്ലേ, ഗണേഷിനെ ഉന്നംവെച്ച് സുകുമാരൻ നായർ ആരാഞ്ഞു.
കുറച്ചുകൂട്ടർ എൻഎസ്എസിനെ ഇല്ലാതാക്കാൻ കേസുമായി നടക്കുന്നുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. ‘കീഴ്ക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമെല്ലാം. അവരുടെ ഒരു വാലായിട്ടാണ് ഇയാൾ ഇപ്പോൾ സംസാരിക്കുന്നത്. അവരെല്ലാവരും കൂടി സംഘടിച്ചാണ് അവിടെ മീറ്റിങ്ങിൽ പങ്കെടുത്തത്. അങ്ങേയ്ക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്- 64 വർഷമായി ഇതിനകത്ത് കയറിയിട്ട്. ഒരുത്തൻ വിചാരിച്ചാലും എനിക്കെതിരേ ഗൂഢാലോചന വെക്കാൻ പറ്റിയ തെറ്റൊന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഗണേഷിന് കോടതിയിൽ പോകാമല്ലോ. കോടതിയിൽ എന്താണ് പോകാത്തത്. അനധികൃതമായി ഒരാൾക്കും നിയമനം കൊടുത്തിട്ടില്ല, സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
പിതൃസ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞയാൾ ഇപ്പോൾ എന്തുകൊണ്ടാകും ഇങ്ങനെ വിമർശിക്കുന്നത് എന്ന ചോദ്യത്തിന് ഇപ്പോൾ തോന്നിയിട്ടുണ്ടാവും പിതൃസ്ഥാനത്ത് അല്ലെന്ന്. അതുകൊണ്ടാകും വിമർശിക്കുന്നത് എന്നായിരുന്നു സുകുമാരൻ നായരുടെ മറുപടി.
Leave a Comment
Your comment will be visible after admin approval.