വിദേശ നിക്ഷേപ അന്തരീക്ഷം കൂടുതൽ ശക്തമാക്കാൻ പദ്ധതിയുമായി ഒമാൻ

Global Indian Writer · September 22, 2026 · 1 min read · 0 Comments · 0 Shares

മസ്കത്ത്: വിദേശ നിക്ഷേപ അന്തരീക്ഷം കൂടുതൽ ശക്തമാക്കാൻ പുതിയ ദേശീയ പദ്ധതിയുമായി ഒമാൻ. സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് പദ്ധതിക്ക് അം​ഗീകാരം നൽകി. രാജ്യത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനും കൂടുതൽ പ്രാദേശിക-അന്തർദേശീയ നിക്ഷേപങ്ങൾ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് നീക്കം.


നിലവിലുള്ള വിവിധ ദേശീയ പദ്ധതികളുടെ പുരോഗതിയും വിവിധ മേഖലകളിലെ അവയുടെ സംഭാവനകളും വിലയിരുത്തിയ ശേഷമാണ് പുതിയ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയത്. 2027 ൽ പ്രവർത്തനമാരംഭിക്കുന്ന ദേശീയ പദ്ധതി ഒമാന്റെ വ്യവസായ മത്സരശേഷി ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കും. വിദേശ നിക്ഷേപങ്ങൾക്കൊപ്പം പ്രാദേശിക നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനും മുൻഗണന നൽകുന്നുണ്ട്. നിക്ഷേപകർക്കും പൗരന്മാർക്കും പ്രവാസികൾക്കും ലഭ്യമാക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൽ പദ്ധതി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും.

ആഗോളതലത്തിൽ ഒമാന്റെ നിക്ഷേപ സൗഹൃദ പദവി കൂടുതൽ മെച്ചപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം സുൽത്താന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോ​ഗം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയും ആരോഗ്യ മേഖലയിലെ വികസന പദ്ധതികളും വിലയിരുത്തി. ആഗോള സാമ്പത്തിക വ്യതിയാനങ്ങളിൽ നിന്ന് ഒമാൻ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനുള്ള നയങ്ങളും ചർച്ചയായി. രാജ്യത്തുടനീളം ആരോഗ്യ സേവനങ്ങൾ വിപുലീകരിക്കുന്നതിനും മെഡിക്കൽ വ്യവസായങ്ങൾ ശക്തമാക്കുന്നതിനും പ്രത്യേക മുൻഗണന നൽകാനും തീരുമാനിച്ചു

Share this story

Leave a Comment

Your comment will be visible after admin approval.